'പത്മജ ബിജെപിയിൽ   ചേർന്നതിൽ  സിപിഎമ്മിന്  പങ്കുണ്ട്'; പിന്നിൽ മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പ്രതിപക്ഷ നേതാവ്

Friday 08 March 2024 5:01 PM IST

ന്യൂഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്ലെന്ന് സതീശൻ ആരോപിച്ചു. ഇതിന്റെ വിവരങ്ങൾ വെെകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പത്മജ ബിജെപിയിൽ പോയതിൽ ഏറ്റവും സന്തോഷം സിപിഎം നേതാക്കൾക്കായിരുന്നു. കോൺഗ്രസിനെ ദുർബലമാക്കുക എന്ന ഉദ്ദേശത്തിലാണിത്. എന്നാൽ തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോട് പറയാനുള്ളത്. വരുന്ന ദിവസങ്ങളിൽ ഇതിന് മറുപടി പറയും. ആരാണ് സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യമാകും'. - സതീശൻ പറഞ്ഞു.

അതേസമയം, ലോക്‌സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. 16 മണ്ഡലങ്ങളിലും ഇതിനോടകം തീരുമാനമായവർ മത്സരിക്കും. പ്രഖ്യാപനത്തിന് ചില നടപടി ക്രമം മാത്രമേ അവസാനിക്കുന്നുള്ളു. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന്റെ പേരിൽ പണം വാങ്ങിയെന്ന പത്മജയുടെ ആരോപണം വെറും കെട്ടുകഥ മാത്രമാണെന്നും സതീശൻ വ്യക്തമാക്കി.