ജില്ലയിലെ പുതിയ ജയിൽ സർക്കാർ 'തടവറയിൽ'
കൊച്ചി: ഉൾക്കൊള്ളാനാവുന്ന തടവുകാരുടെ എണ്ണം 98. പാർപ്പിച്ചിരിക്കുന്നതാകട്ടെ 206 തടവുകാരെ. ജില്ലയിലെ കുറ്റകൃത്ത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം വർദ്ധിക്കുമ്പോഴും കാക്കനാട് ജില്ലാ ജയിലിലെ സ്ഥിതിയാണിത്. ജയിലിന്റെ സ്ഥിതിസങ്കീർണമായി തുടരുമ്പോഴും പുതിയൊരു ജയിലെന്ന ജയിൽ വകുപ്പിന്റെ ആവശ്യം നടപ്പായില്ല.
പെരുമ്പാവൂർ വല്ലം ട്രാവൻകൂർ റയോൺസിന്റെ 15 ഏക്കറിൽ പുതിയ ജയിൽ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഒന്നര വർഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജയിൽവകുപ്പ് സർക്കാരിന് പദ്ധതി നിർദ്ദേശം കൈമാറി. പക്ഷേ തുടർ നടപടിയായില്ല.
2.62 ഏക്കറിലാണ് നിലവിലെ ജില്ലാ ജയിൽ. കുറ്റവാളികളുടെ എണ്ണം വർദ്ധിച്ചതോടെ പുതുതായി റിമാൻഡ് ചെയ്യുന്നവരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ചട്ടങ്ങൾ കാറ്റിൽപറത്തി
ഒരു വാർഡിലെ എല്ലാ തടവുകാർക്കും 3.72 മീറ്റർ × 2 തറവിസ്തീർണവും 17 മീറ്റർ × 3 ശ്വസിക്കാനുള്ള സ്ഥലവും അനുവദിക്കണമെന്നാണ് ജയിൽ ചട്ടം. ചുരുങ്ങിയ സ്ഥലത്ത് ആളുകളെ കുത്തിനിറച്ച് പാർപ്പിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണ്. ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പൊതുതാത്പര്യ ഹർജിയിൽ രാജ്യത്തെ ജയിലുകൾ നിറയുന്നതിൽ അടുത്തിടെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഒപ്പം അടുത്ത 50 വർഷത്തേക്കുള്ള ജയിലുകളുടെ നിർമ്മാണം ഉടനടി ആരംഭിക്കണമെന്ന നിർദ്ദേശം നൽകി.
വിയ്യൂർ മാറ്റവും നടന്നില്ല
സംസ്ഥാനത്തെ പ്രമഥ ബോസ്റ്റൽ സ്‌കൂൾ കാക്കനാട് നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റുന്ന നിർദ്ദേശവും സർക്കാർ ഫയലിൽ ഉറങ്ങുകയാണ്. 18 മുതൽ 21 വയസ് വരെ പ്രായമുള്ള കുറ്റവാളികളെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്നവരുടെ എണ്ണം 85 ആണ്. പരമാവധി 66 പേർക്കാണ് സൗകര്യം. വിയ്യൂരിലെ പുതിയ പദ്ധതിപ്രകാരം 250പേരെ താമസിപ്പിക്കാൻ കഴിയുന്ന കെട്ടിടം നിർമ്മിക്കാനാണ് തീരുമാനം.
മറ്ര് ജയിലുകൾ
( ശേഷി - തടവുകാർ)
മൂവാറ്റുപുഴ സ്‌പെഷ്യൽ സബ് ജയിൽ 641 10
ആലുവ സബ് ജയിൽ 56 107
എറണാകുളം സബ് ജയിൽ 48 120
മട്ടാഞ്ചേരി സബ് ജയിൽ 36 64
പുതിയൊരു ജയിൽ ജില്ലയിൽ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാരിന്റെ പരിഗണയിലാണ്.
ജയിൽ വകുപ്പ്