റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ഗൾഫിലും റിക്രൂട്ട്മെന്റ്

Sunday 10 March 2024 12:10 AM IST

തിരുവനന്തപുരം: യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മലയാളികളടക്കം യുവാക്കളെ ഗൾഫിലും റിക്രൂട്ട് ചെയ്തതായി സി.ബി.ഐ കണ്ടെത്തി. ദുബായിലുള്ള മഹാരാഷ്ട്ര സ്വദേശി ഫൈസൽ അബ്ദുൾ മുത്തലിബ് ഖാന്റെ നേതൃത്വത്തിലാണിത്. ഒന്നരലക്ഷം രൂപ ശമ്പളത്തിന് ഡെലിവറി ബോയ്, ഹെൽപ്പർ, ഡേറ്റാ ഓപ്പറേറ്റർ തസ്തികകളിലേക്കെന്ന വ്യാജേനയാണ് ബാബ എന്ന ഫൈസൽ യുവാക്കളെ കടത്തിയത്. റഷ്യൻ പൗരത്വവും കുടുംബ വിസയും വാദ്ഗാനം ചെയ്തിരുന്നു. തട്ടിപ്പിനിരയായവരിൽ മലയാളികളുമുണ്ടെന്നാണ് സൂചന. ഫൈസലിനെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

കേരളത്തിൽ റിക്രൂട്ട്മെന്റ് നടത്തിയത് തമിഴ്നാട് സ്വദേശികളായ ശ്രീവിദ്യ, രമേശ് കുമാർ പളനിസ്വാമി, റഷ്യയിലുള്ള സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് റിക്രൂട്ട് ചെയ്തത്. 180യുവാക്കളെ കടത്തിയതായാണ് വിവരം.

വാഗ്നർ ഗ്രൂപ്പിന് കൈമാറി

സ്റ്റുഡന്റ് വിസ നൽകിയും യുവാക്കളെ കടത്തിയതായി സംശയിക്കുന്നു. സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിനാണ് ഇവരെ കൈമാറിയത്. യുക്രൈയിൻ യുദ്ധമുഖത്തുള്ള 35പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്ത്യക്കാരെ റഷ്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായും വിവരമുണ്ട്. റിക്രൂട്ട്മെന്റിൽ റഷ്യൻ സർക്കാരിന് നേരിട്ട് പങ്കില്ലെന്നാണ് സി.ബി.ഐ പറയുന്നത്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, തെലങ്കാന, തമിഴ്നാട്, സംസ്ഥാനങ്ങലും റിക്രൂട്ട്മെന്റ് നടത്തി.

3 മലയാളികളടക്കം 19പേർക്കെതിരേ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്സൺ എന്നിവരെയാണ് പ്രതികളാക്കിയത്. തിരുവനന്തപുരം തകരപ്പറമ്പിലെ റിക്രൂട്ടിംഗ് ഏജൻസിയിൽ നിന്ന് രേഖകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ സി.ബി.ഐ കസ്റ്റഡിയിലാണെന്നാണ് വിവരം.

Advertisement
Advertisement