കോൺ്രഗസിനെ തിരഞ്ഞെടുത്തതിൽ ജനങ്ങൾ സംശയത്തിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ തവണ പാർലമെന്റിലേക്ക് കോൺഗ്രസിനെ തിരഞ്ഞെടുത്തുവിട്ട ജനങ്ങൾ ഇപ്പോൾ സംശയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവാനുമാണ് ജനങ്ങൾ കഴിഞ്ഞ തവണ വോട്ടുചെയ്തത്. അത് എൽ.ഡി.എഫിനു കനത്ത തിരിച്ചടിയുണ്ടാക്കി. വോട്ടുചെയ്തവർ ഇന്ന് സംശയത്തിലാണ്. കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തിന്റെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ടു. വിവിധ തരത്തിലുള്ള വർഗീയ പ്രശ്‌നങ്ങളുയർന്നു. ഈ ഘട്ടത്തിൽ ലോക്‌സഭയിൽ കേരളത്തിന്റെ നേർത്ത ശബ്ദം മാത്രമാണ് ഉയർന്നത്.
വർഗീയതയോടു സമരസപ്പെടാത്തവർ പാർലമെന്റിൽ എത്തണമെന്നാണ് ജനങ്ങളുടെ നിലപാട്. നാടിനെ പ്രതിനിധീകരിക്കുന്നവർ പ്രതിസന്ധി സമയത്ത് കേരളത്തിനുവേണ്ടി ശബ്ദിച്ചില്ല. കേന്ദ്രത്തിന്റെ കള്ളന്യായങ്ങൾ ഏറ്റെടുത്ത് അവർ വാദിക്കുകയാണ്. കോൺഗ്രസുകാർ വിജയിക്കുന്നിടത്ത് ഭരണം ബി.ജെ.പിയെ ഏൽപ്പിക്കുകയാണ്. മദ്ധ്യപ്രദേശ്, ഗോവ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ സ്പീക്കർ എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ.പ്രശാന്ത്, കെ.ആൻസലൻ, കോവൂർ കുഞ്ഞുമോൻ, മേയർ ആര്യാ രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ആക്ടിംഗ് ജില്ലാ സെക്രട്ടറി സി.ജയൻ ബാബു, മുന്നണി നേതാക്കളായ നീലലോഹിതദാസൻ നാടാർ, പി.സി.ചാക്കോ, വി.പി.ദിവാകരൻ, സഹായദാസ്, വേണുഗോപാലൻ നായർ, എസ്.എം.ബഷീർ, ആനാവൂർ നാഗപ്പൻ, ഉണ്ണിച്ചെക്കൻ, മുൻ എം.പി ടി.എൻ.സീമ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.