ബുഷ്‌റയുടെ ടെറസിൽ പണം പൂക്കുന്ന താമര

Sunday 10 March 2024 12:15 AM IST

തിരുവനന്തപുരം:താമരയാണ് ബുഷ്‌റ ഷംസുദ്ദീന്റെ ലോകം. വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമല്ലാം താമര വിടർന്നു നിൽക്കുന്നു. താമരക്കൃഷി നല്ലൊരു വരുമാന മാർഗ്ഗവുമാണ് ഈ വീട്ടമ്മയ്ക്ക്. താമരയുടെ ഒരു ട്യൂബറിന് ( നടീൽ വസ്‌തു ) രണ്ടായിരം രൂപ വരെ കിട്ടുമെന്നാണ് ബുഷ്‌റ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ട്യൂബറിന് ഓർഡറുകൾ കിട്ടുന്നുണ്ട്.
സാധാരണ കുളങ്ങളിലാണ് താമരയും ആമ്പലും വളരുന്നത്. കൊല്ലം കരുനാഗപ്പള്ളി നീലികുളത്തുള്ള അനുഗ്രഹയിലെ ബുഷ്‌റ ടെറസിൽ നിരനിരയായി വച്ചിരിക്കുന്ന ചട്ടികളിലാണ് താമര വളർത്തുന്നത്. ഒരു ചട്ടിയിൽ താമര വിരിയിച്ചാണ് തുടക്കം. ഏഴ് വർഷം മുമ്പ്.

ആർ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന എ എസ് ഹമീദിന്റെ മകളാണ് ബുഷ്റ. പത്തനംതിട്ടയിലെ അമ്പലക്കുളങ്ങളിൽ വളരുന്ന താമരയും ആമ്പലും കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു.പിതാവ് ഹമീദ് കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. പഠനവും കല്യാണവും കുട്ടികളുമൊക്കെയായി തിരക്കായപ്പോൾ സമയം കിട്ടിയില്ല.

മക്കൾ വളർന്നപ്പോഴാണ് താമര കൃഷി തുടങ്ങിയത്. ഭർത്താവ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി ഒപ്പം നിന്നു.

ഓർക്കിഡുകൾ, മുന്തിരി, അവ്ക്കാഡ, റമ്പൂട്ടാൻ, ചൈനീസ് ഓറഞ്ച്, ചാമ്പ, മാംഗോസ്റ്റിൻ, മിറക്കിൾ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, വിവിധ രാജ്യങ്ങളിലെ മാങ്ങകൾ, പച്ചക്കറികൾ എല്ലാം ബുഷ്‌റ കൃഷി ചെയ്യുന്നുണ്ട്. എങ്കിലും താമര വിരിയുമ്പോഴാണ് ഏറെ സന്തോഷം. താമര മാത്രമാണ് കച്ചവടം ചെയ്യുന്നത്.

ചെടികൾക്കും പച്ചക്കറികൾക്കുമുള്ള വളങ്ങളും ബുഷ്‌റ സ്വന്തമായാണ് തയ്യാറാക്കുന്നത്. വെച്ചൂർ പശുക്കളേയും അപൂർവ്വയിനം കിളികളേയും വളർത്തുന്നുണ്ട്.

Advertisement
Advertisement