അപകടം മണത്ത് അതിവേഗം ഉത്തരവ്,​ സമരത്തിന്റെ വിജയമെന്ന് പ്രതിപക്ഷം

Sunday 10 March 2024 12:15 AM IST

തിരുവനന്തപുരം : സി.ബി.ഐ അന്വേഷണത്തിന് സർക്കാർ അതിവേഗം ഉത്തരവിട്ടത് സിദ്ധാർത്ഥിന്റെ മരണത്തെ തിരഞ്ഞെടുപ്പായുധമാക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കത്തിന്റെ മുനയൊടിച്ചു. വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധവും വിവാദവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുംമുമ്പേ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയിലേക്ക് നീങ്ങി. സി.പി.എം നേതൃത്വത്തിന്റെയും എൽ.ഡി.എഫ് ഘടകകക്ഷികളുടെയും ഇടപെടലും അതിനുകാരണമായി. സംഭവം സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഇടതുമുന്നണി യോഗത്തിൽ വിമർശനമുയർന്നിരുന്നു.

സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആറു ദിവസമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്മാർ ചേർന്ന് നടത്തിയ നിരാഹാര സമരത്തിനിടെ ഒരു തവണ പോലും പ്രതിപക്ഷവുമായുള്ള ചർച്ചകൾക്കോ ആശയവിനിമയത്തിനോ സർക്കാർ തയ്യറായിരുന്നിരുന്നില്ല. എന്നാൽ,​ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ സംഭവത്തിന്റെ ഗൗരവം ചർച്ചയായി. ഘടകകക്ഷിയായ ആർ.ജെ.ഡിയാണ് വിഷയമുന്നയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വിഷയം പ്രതിഫലിക്കുന്നുണ്ടെന്ന സി.പി.എം വിലയിരുത്തലും സർക്കാർ നടപടിക്ക് ആക്കം കൂട്ടി.

ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാർത്ഥിന്റെ പിതാവിനെയും കുടുംബാംഗങ്ങളെയും നേരിട്ട് വിളിച്ചാണ് ചർച്ച നടത്തിയത്. മാതാവ് എഴുതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണത്തിനുള്ള ഉറപ്പ് നൽകുകയും അതിനു ശേഷം സർക്കാർ ഉത്തരവിറക്കുകയുമായിരുന്നു.

എന്നാൽ,​ തങ്ങളുടെ സമരത്തിന്റെ വിജയമാണിതെന്ന അവകാശവാദമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. സമരത്തിന്റെ ഭാഗമായി സർക്കാരിനുണ്ടായ സമ്മർദ്ദത്തിനൊടുവിലാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് തയ്യാറായതെന്നും അവർ പറയുന്നു. വിഷയം തിരഞ്ഞെടുപ്പ് രംഗത്ത് ഉന്നയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

ദിവസങ്ങൾക്കു മുമ്പ് സി.പി.ഐയുടെ മുതിർന്ന നേതാവ് സി. ദിവാകരൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സർക്കാരിനും എൽ.ഡി.എഫിനുമെതിരെ വിമർശനമുന്നയിച്ചിരുന്നു. ഭരണകൂടത്തിന് മുകളിലുള്ള എൽ.ഡി.എഫെന്ന രാഷ്ട്രീയ നേതൃത്വം ഭരണകാര്യങ്ങളിൽ സർക്കാരിന് നിർദ്ദേശം നൽകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മഖ്യവിമർശ‌നം.

Advertisement
Advertisement