സി.ബി.ഐ വേണമെന്ന് ഗവർണറുടെ ശുപാർശയും
തിരുവനന്തപുരം: സിദ്ധാർദ്ധിന്റെ മരണം സി.ബി.ഐയ്ക്ക് വിടാൻ ശുപാർശ ചെയ്തുള്ള ഗവർണറുടെ കത്ത് ഇന്നലെ രാവിലെ പ്രത്യേകദൂതൻ വഴി മുഖ്യമന്ത്രിക്ക് നേരിട്ടെത്തിച്ചിരുന്നു. ഗവർണർ ശുപാർശ ചെയ്താലും സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷണം ഏറ്റെടുക്കാനാവില്ല. അല്ലെങ്കിൽ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ഉത്തരവുണ്ടാവണം. എന്നാൽ, ഈ കേസിൽ സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് കുടുംബത്തിന്റെ പരാതി ഇന്നലെ നൽകിയ ഉടൻ തന്നെ മുഖ്യമന്ത്രി അന്വേഷണം സി.ബി.ഐക്കുവിടുകയായിരുന്നു. ഇത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നേരുത്തെ ചർച്ച നടത്തിയിരുന്നു. കുടുംബം ആവശ്യപ്പെടുന്ന അന്വേഷണം ഉണ്ടാകുമെന്ന് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.
പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരം രാജ്ഭവൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപേ കത്ത് തയ്യാറാക്കിയിരുന്നു.
നേരത്തേ ചാൻസലറുടെ അധികാരമുപയോഗിച്ച് വെറ്ററിനറി സർവകലാശാലാ വി.സി ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ ജുഡിഷ്യൽ അന്വേഷണം ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മറുപടി ലഭിച്ചിട്ടില്ല.