സി.ബി.ഐയിൽ വിശ്വാസം: സിദ്ധാർത്ഥിന്റെ അച്ഛൻ

Sunday 10 March 2024 12:19 AM IST

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ച് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം സമാധാനവും ആശ്വാസവും നൽകുന്നതാണെന്ന് പിതാവ് ജയപ്രകാശ്. സി.ബി.ഐയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. തൂങ്ങിമരിച്ചതല്ല, കൊന്നതാണ്. പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരുമോയെന്ന് സംശയമുണ്ട്. അന്വേഷണം അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. നിവേദനം വായിച്ചുനോക്കിയശേഷം നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ അതുതന്നെ നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. - ജയപ്രകാശ് വെളിപ്പെടുത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ചുനോക്കിയാൽ മനസിലാകും എത്ര മൃഗീയമായാണ് എന്റെ മകൻ മരിച്ചതെന്ന്. എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത ഒരാൾ എങ്ങനെ തൂങ്ങിമരിക്കും? കോളേജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണം. അവർ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയും. അതിനുള്ള വ്യക്തമായ തെളിവ് കൈവശമുണ്ട്.

അഞ്ചാറ് വർഷത്തിനിടെ ആ കോളേജിൽ ഒരുപാട് വിദ്യാർത്ഥികളുടെ ആത്മഹത്യയും മരണവും സംഭവിച്ചിട്ടുണ്ടെന്നും ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തിയശേഷമേ ആ കോളേജ് തുറന്ന് പ്രവർത്തിക്കാവൂ എന്നും ജയപ്രകാശ് പറഞ്ഞു

പ്രതികളെ സസ്പെൻഡ് ചെയ്തതുകൊണ്ട് കാര്യമില്ല. അവരെ പുറത്താക്കണം. ആന്റി റാഗിംഗ് സ്‌ക്വാഡ് ഡീനിന് സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ പ്രതികളുണ്ട്. അവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. , മകൻ മരിച്ചിട്ടും ഒപ്പമുണ്ടായിരുന്ന അക്ഷയ്‌ ഞങ്ങളോട് പറഞ്ഞില്ല. നെടുമങ്ങാട്ടെ ഡോക്ടറുടെ മകൻ രോഹനും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് സംശയമുണ്ട്. സിദ്ധാർത്ഥ് തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത് താനാണെന്ന് രോഹൻ പറഞ്ഞു. പിന്നീടത് മാറ്റിപ്പറഞ്ഞു. പിതാവ് രാഷ്ട്രീയക്കാരനായതുകൊണ്ടാകാം അക്ഷയിനെ പൊലീസുകാർ ഒന്നും ചെയ്യാത്തതെന്നും ജയപ്രകാശ് സംശയം പ്രകടിപ്പിച്ചു.

Advertisement
Advertisement