വനിതാ സംരംഭകർക്ക് വൈവി​ദ്ധ്യമാർന്ന പദ്ധതികളുമായി സംസ്ഥാന വ്യവസായ വകുപ്പ്

Monday 11 March 2024 11:49 PM IST
വനിതാ സംരംഭകർക്ക് വൈവി​ദ്ധ്യമാർന്ന പദ്ധതികളുമായി സംസ്ഥാന വ്യവസായ വകുപ്പ്

കൊച്ചി: വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈവി​ദ്ധ്യമാർന്ന പദ്ധതികളുമായി​ കേരള വ്യവസായ വാണിജ്യ വകുപ്പ്. സ്ത്രീകളെ മുൻഗണന വിഭാഗക്കാരായി കണക്കാക്കി സംരംഭക സഹായ പദ്ധതി വഴി​ ആകർഷകമായ പദ്ധതി​കളാണ് ഒരുക്കി​യി​ട്ടുള്ളത്.

സംരംഭക വർഷത്തിന്റെ ഭാഗമായി 2022-23ൽ എറണാകുളം ജില്ലയിൽ ആരംഭിച്ച 14128 സംരംഭങ്ങളിൽ 4891 സംരംഭങ്ങൾ വനിതാ സംരംഭകരുടെ നേതൃത്വത്തിൽ തുടങ്ങിയവയാണ്.14128 സംരംഭങ്ങളിൽ നിന്നായി 12553 വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 4891 വനിതാ സംരംഭങ്ങൾ വഴി 202223 കേരളത്തിൽ 223 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

2023-24 ൽ വനിതാ സംരംഭകരുടെ നേതൃത്വത്തിൽ 3327 സംരംഭങ്ങൾ ഇതുവരെ ആരംഭിച്ചിട്ടുണ്ട്. അതുവഴി 188 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ സാധിച്ചു. 2023-24ൽ ഇതുവരെ തുടങ്ങിയ 10266 സംരംഭങ്ങളിൽ നിന്നായി 9044 വനിതകൾക്ക് തൊഴിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വനിതകൾക്ക് മുൻതൂക്കം നൽകുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് വകുപ്പ് അധി​കൃതർ പറഞ്ഞു.

പദ്ധതി​കൾ, സബ്സി​ഡി​കൾ

ഉത്പാദന മേഖലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25ശതമാനം (പരമാവധി 40 ലക്ഷം രൂപ വരെ) സബ്‌സിഡി

നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ് വഴി ഉത്പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രോജക്ടുകൾക്ക് 40ശതമാനം സബ്‌സിഡി

പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി വഴി ഉത്പാദന മേഖലയിൽ 50 ലക്ഷം രൂപ വരെയും സേവനമേഖലയിൽ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകൾക്ക് 15 മുതൽ 35ശതമാനം വരെ സബ്‌സിഡി

............................

സംരംഭകരുടെ യാത്രയിൽ സംരംഭകർക്കുണ്ടാകുന്ന ഏത് പ്രതിസന്ധിയിലും സർക്കാരും വ്യവസായ വകുപ്പും ഒപ്പം ഉണ്ടാകും. ആ തരത്തിലേക്കുള്ള ഒരു വ്യവസായ അന്തരീക്ഷത്തിലേക്ക് ആണ് ഇന്ന് കേരളം എത്തിച്ചേർന്നിരിക്കുന്നത്. പി.എ.നജീബ് , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ

Advertisement
Advertisement