നവീൻ കൊളത്തൂർ ഡ്രൈവർ ലോജിസ്‌റ്റിക്‌സ് സി.ഒ.ഒ
കൊച്ചി ആസ്ഥാനമായ ചരുക്കുനീക്ക സ്ഥാപനമായ ഡ്രൈവർ ലോജിസ്‌റ്റിക്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) അന്താരാഷ്ട്ര പ്രശസ്തനായ നവീൻ കൊളത്തൂർ നിയമിതനായി. ലോജിസ്റ്റിക്സ്, സപ്‌ളൈ ചെയിൻ ബിസിനസ് മേഖലകളിൽ 28 വർഷത്തെ പരിചയസമ്പത്തിനുടമയാണ് നവീൻ.
22 വർഷമായി ഡി.എച്ച്.എല്ലിന്റെ അമേരിക്ക, സിംഗപ്പൂർ, ഇന്ത്യ പ്രവർത്തനങ്ങളിൽ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഡി.എച്ച്.എല്ലിന്റെ വൈസ് പ്രസിഡന്റ് (സർവീസ് ക്വാളിറ്റി ) പദവിയിൽ നിന്നാണ് അദ്ദേഹം ഡ്രൈവറിലെത്തുന്നത്. ഏഷ്യയിലാകെ ഡി.എച്ച്.എല്ലിന്റെ ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെ ബാൾഡ്‌വിൻ വാലാസ് സർവകലാശാലയിൽ നിന്നാണ് നവീൻ എം.ബി.എ നേടിയത്. കോയമ്പത്തൂരിലെ പി.എസ്.ജി കോളേജ് ഒഫ് ടെക്‌നോളജിയിൽ നിന്നാണ് ബിരുദം നേടിയത്.
ഉപഭോക്തൃ സൗഹൃദനിലപാട്, സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നിവയും ദീർഘകാലപരിചയവും സിംഗപ്പൂരിലുൾപ്പെടെയുള്ള ബന്ധങ്ങളും ഡ്രൈവർ ലോജിസ്‌റ്റിക്‌സിന്റെ സൗത്ത് ഈസ്റ്റ് ഏഷ്യയിലേയ്ക്ക് പ്രവർത്തനം വിപുലമാക്കുന്നതിന് സഹായമാകുമെന്ന് ഡ്രൈവർ സി.ഇ.ഒ അഖിൽ ആഷിഖ് പറഞ്ഞു.
നാല് ഇടപാടുകാരും 30 വാഹനങ്ങളും 13 വെയർഹൗസുകളുമായി 2019ലാണ് ഡ്രൈവർ ലോജിസ്റ്റിക്‌സ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 30 ഇടപാടുകാരും 50 വെയർഹൗസുകളും 200 വാഹനങ്ങളുമുണ്ട്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി പ്രവർത്തനം വ്യാപിച്ചു. 500 ലേറെപ്പേർ ജോലി ചെയ്യുന്നുണ്ട്.