പരിസ്ഥിതി സൗഹൃദ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടേഴ്‌സ്

Monday 11 March 2024 12:29 AM IST

പുതിയ വാഹനങ്ങൾ ടാറ്റ സ്റ്റീലിന് കൈമാറി

കൊച്ചി: പരിസ്ഥിതിക്കിണങ്ങിയ പുതിയ വാണിജ്യവാഹനങ്ങൾ പ്രമുഖ വാണിജ്യവാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിരത്തിലിറക്കി. ഹരിതോർജത്തിൽ പ്രവർത്തിക്കുന്ന പുതുതലമുറയിൽപ്പെട്ട വാണിജ്യവാഹനങ്ങൾ ടാറ്റ സ്റ്റീലിന് കൈമാറുന്നതിന്റെ ഫ്‌ളാഗ് ഓഫ് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നിർവഹിച്ചു.

പ്രിമ ട്രാക്ടറുകൾ, ടിപ്പറുകൾ, അൾട്ര ഇ.വി.ബസ് എന്നിവയാണ് ടാറ്റ സ്റ്റീലിന് കൈമാറിയത്. എൽ.എൻ.ജിയിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നവയാണ് വാഹനങ്ങൾ. ജംഷഡ്പൂരിൽ നടന്ന ടാറ്റ ഗ്രൂപ്പ് സ്ഥാപകദിനാഘോഷങ്ങളോടനുബന്ധിച്ചാണ് വാഹനകൈമാറ്റം നടന്നത്. ടാറ്റ സ്റ്റീൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രൻ, ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ തുടങ്ങിയവർ പങ്കെടുത്തു.

സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ പുതിയ വാണിജ്യ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ.ഡി.എ.എസ്.), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആക്ടീവ് ട്രാക്ഷൻ കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവ സുരക്ഷാസംവിധാനങ്ങളിൽ ഉൾപ്പെടുന്നു.

വാണിജ്യാവശ്യങ്ങൾക്ക് സഹായകമായ തരത്തിലാണ് ടാറ്റയുടെ പ്രിമ എൽ.എൻ.ജി. ശ്രേണിയിലുള്ള ട്രക്കുകൾ. ടിപ്പറുകളും (3530.കെ.) ട്രാക്ടറുകളും (5530.എസ്.) ഉൾപ്പെടുന്ന വാഹനങ്ങൾ മൈനിംഗങ്ങ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ബാറ്ററി ഇലക്ട്രിക് ശ്രേണിയിൽ 28 ടി ഇ.വി.ടിപ്പർ (ഇ28.കെ.), 46 ടി ഇ.വി.ട്രാക്ടർ (ഇ46.എസ്.) എന്നിവയുണ്ട്. സീറോ കാർബൺ ബഹിർഗമനം ഉറപ്പുനൽകുന്ന ട്രക്കുകൾക്കൊപ്പം ടാറ്റ അൾട്ര ഇലക്ട്രിക് ബസുകളും കമ്പനി ഉപയോഗിക്കുന്നുണ്ട്. പ്ലാന്റുകളിലേക്കും മറ്റും ജീവനക്കാരെ എത്തിക്കുന്നതിനാണിത്.

ബാറ്ററി ഇലക്ട്രിക്, സി.എൻ.ജി., എൽ.എൻ.ജി., ഹൈഡ്രജൻ ഇന്റേണൽ കമ്പഷൻ എൻജിൻ, ഹൈഡ്രജൻ ഫ്യുവൽ സെൽ ടെക്‌നോളജി തുടങ്ങിയ വ്യത്യസ്തമായ ഇന്ധനമാർഗങ്ങൽ പ്രവർത്തിക്കുന്ന ഗതാഗതസംവിധാനങ്ങൾ ടാറ്റ മോട്ടോഴ്‌സിന്റേതായുണ്ട്. വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന വ്യത്യസ്തമായ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ നീണ്ടനിര 2023 ലെ ഓട്ടോ എക്‌സ്‌പോയിലും കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും അവതരിപ്പിച്ചിരുന്നു. രാജ്യത്തെ നഗരങ്ങൾക്ക് 2000 ത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ ടാറ്റ മോട്ടോഴ്‌സച കൈമാറിയിട്ടുണ്ട്. 95 ശതമാനത്തിലേറെ അപ് ടൈമോടെ ഇവ 12 കോടി കിലോമീറ്ററിലേറെ സർവീസ് പൂർത്തിയാക്കിക്കഴിഞ്ഞു.

.............................................................

''സുസ്ഥിരവികസന ലക്ഷ്യങ്ങളും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുമാണ് തങ്ങളെ നയിക്കുന്നത്. വാഹനകൈമാറ്റത്തിലൂടെ പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങളിൽ വ്യവസായലോകത്തിനും മാതൃകയാകുകയാണ്. ടാറ്റ മോട്ടോഴ്‌സും ടാറ്റ സ്റ്റീലും പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണ്.""

ടി.വി. നരേന്ദ്രൻ

സി.ഇ.ഒ., മാനേജിംഗ് ഡയറക്ടർ

ടാറ്റ സ്റ്റീൽ

''ഹരിതഗതാഗതമാർഗങ്ങളിൽ രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് ടാറ്റ മോട്ടോഴ്‌സിനെയാണ്. കാർബൺ ബഹിർഗമനം ഘട്ടംഘട്ടമായി കുറച്ച് 2045 ഓടെ സീറോ കാർബൺ എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുന്നിൽക്കണ്ടാണ് വാഹനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.""

ഗിരീഷ് വാഗ്

എക്‌സിക്യൂട്ടീവ് ഡയറക്ടർ

ടാറ്റ മോട്ടോഴ്‌സ്

Advertisement
Advertisement