കേരള യൂണി. കലോത്സവ വേദിയിൽ സംഘർഷം

Monday 11 March 2024 12:20 AM IST

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവ വേദിയിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഒപ്പന മത്സരം നടന്ന പ്രധാനവേദിയായ സെനറ്റ് ഹാളിൽ കെ.എസ്.യു പ്രവർത്തകർ കൂടിയായ രണ്ട് വോളന്റിയർമാരെ

എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതാണ് കാരണം. രാവിലെ എട്ടിനായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മത്സരം തടസപ്പെട്ടു.

കെ.എസ്.യു പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കോഴവിവാദത്തെ തുടർന്ന് ശനിയാഴ്ച രാത്രി നടക്കേണ്ടിയിരുന്ന ഒപ്പന മത്സരം ഇന്നലെ പുലർച്ചെയാണ് ആരംഭിച്ചത്. ലാ കോളേജിലെ ഒപ്പന ടീമിനൊപ്പം ഉണ്ടായിരുന്ന വോളന്റിയർമാരായ നെടുമങ്ങാട് ഗവ.കോളേജിലെ റൂബൻ, ലാ കോളേജ് വിദ്യാർത്ഥി നിതിൻ തമ്പി എന്നിവരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ അവരെ മർദ്ദിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി വേദിക്ക് മുന്നിലെത്തി. ഇവരെ നീക്കാൻ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമായി.

മത്സരം തടസപ്പെട്ടതോടെ ഒപ്പനയ്ക്ക് വേഷമിട്ട ലാ കോളേജ് വിദ്യാർത്ഥികൾ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഏ‌ഞ്ചലീനയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പൊലീസ് ഹാളിന് പുറത്താക്കി വാതിലടച്ചതോടെ വാക്കേറ്റമായി. കെ.എസ്.യു വനിതാനേതാക്കളെയടക്കം പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.

കസ്റ്റഡിയിലെടുത്തു, വിട്ടയച്ചു

പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലാ കോളേജ് ചെയർപേഴ്സൺ അപർണ പ്രസന്നൻ,​ യൂണിറ്റ് ഭാരവാഹി ക്രിസ്റ്റീന,​ അനു ഫിലിപ്പ്,​ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ജില്ലാപ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.

''പൊലീസ് ഏകപക്ഷീയമായി തങ്ങളുടെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. -കെ.എസ്.യു

''കലോത്സവം അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നു. അക്കാര്യം പൊലീസിനെ അറിയിക്കുകയാണ് ചെയ്തത്

-എസ്.എഫ്.ഐ

Advertisement
Advertisement