ഗുരുദേവൻ കേരളത്തിന്റെ മാത്രം ആചാര്യനല്ല : സ്വാമി സച്ചിദാനന്ദ

Monday 11 March 2024 12:05 AM IST

ശിവഗിരി: ഗുരുസന്ദേശ പ്രചാരണം ശാസ്ത്രീയമായി നടത്തണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശാസ്ത്രീയമായ പഠനത്തിന്റെ അഭാവം ഗുരുദേവ സ്വരൂപവും ഗുരുദർശനവും വികൃതമാക്കുന്നു എന്ന് നാം തിരിച്ചറിയണം.

വിശ്വത്തെ മുഴുവൻ ഒന്നായിക്കണ്ട ഏകലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ

ഗുരുദേവനെ സമുദായ പരിഷ്കർത്താവായും സാമൂഹ്യ വിപ്ലവകാരിയായും ചിത്രീകരിച്ച് കേരളത്തിന്റെ ആചാര്യനായി ഒതുക്കി നിറുത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം.

ശിവഗിരിയിൽ മതമഹാപാഠശാലയുടെ ഭാഗമായ ഹ്രസ്വകാല പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.

അദ്ധ്യയനം, സ്വാംശീകരണം, ആചരണം, പ്രചരണം എന്നിവ ഏത് തത്വദർശനത്തിന്റേയും മുഖമുദ്ര‌യാണ്. ഈ നാല് കാര്യങ്ങൾ ഗുരുദർശന പഠിതാക്കളും പ്രചാരകരും പ്രായോഗികമാക്കണമെന്ന് സ്വാമി പറഞ്ഞു. ഗുരുദേവന്റെ 73 വർഷം നീണ്ട ജീവിതം, ഗുരു രചിച്ച 70 ഓളം കൃതികളുമായി ചേർത്തു വച്ച് പഠിച്ചാൽ മാത്രമേ ഗുരുസ്വരൂപം കണ്ടെത്താനാവൂ. ശിവഗിരിയിലെ മതമഹാപാഠശാലയും ഹ്രസ്വകാല കോഴ്സും അതിന് വേണ്ടിയാണ്.

ശിബിരത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ അദ്ധ്യക്ഷനായി. സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദ ഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. സ്വാമി അനപേക്ഷാനന്ദ ഗുരുദേവ കൃതിയായ ജനനീ നവരത്ന മഞ്ജരിയെക്കുറിച്ച് ക്ലാസെടുത്തു. പഠന ശിബിരം 19 വരെ തുടരും. ശിബിരത്തിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നൽകി മഠത്തിന്റെ ഗുരുധർമ്മ പ്രചാരകരായി നിയോഗിക്കും.

Advertisement
Advertisement