അടൂരിൽ വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Monday 11 March 2024 3:31 PM IST

പത്തനംതിട്ട: വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കടമ്പനാട് വില്ലേജ് ഓഫീസറായ ഇളംപള്ളിയിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിന് ശേഷമാണ് മനോജ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തൂങ്ങിനിന്നിരുന്ന മനോജിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശൂരനാട് എൽപി സ്‌കൂളിലെ ടീച്ചറാണ് ഭാര്യ. ഒരു മകളുണ്ട്. മനോജ് ഇതിന് മുമ്പ് ആറന്മുള വില്ലേജ് ഓഫീസിലായിരുന്നു.

കഴിഞ്ഞ ദിവസം ഇടുക്കിയിൽ മുൻ അദ്ധ്യാപകൻ ആത്മഹത്യ ചെയ്‌തിരുന്നു. വായ്പക്കുടിശിക സംബന്ധിച്ച് ബാങ്കിന്റെ നോട്ടിസ് ലഭിച്ചതിന് പിന്നാലെയാണ് കാളിയാർ മുള്ളൻകുത്തി കുഴിയാമ്പിൽ ബെന്നിയെ അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വായ്പക്കുടിശികയുള്ള എല്ലാവർക്കും നോട്ടീസ് അയച്ചതല്ലാതെ ജപ്തി നടപടികളിലേക്ക് കടന്നിട്ടില്ലെന്നാണ് കാർഷിക വികസന ബാങ്ക് അധികൃതർ ബെന്നിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ചത്. വായ്പയെടുത്ത ശേഷം വർഷങ്ങളായിട്ടും ഒരു തവണ പോലും തിരിച്ചടവു നടത്താത്ത ഒരാളുടെ പേരിൽ മാത്രമാണ് ഇപ്പോൾ ജപ്തിനടപടി എടുത്തിട്ടുള്ളതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement