പൗരത്വ നിയമ ഭേദഗതി; സർക്കാരും മുസ്ലീം ലീഗും സുപ്രീം കോടതിയിലേക്ക്, ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്‌ഐ

Tuesday 12 March 2024 10:02 AM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് നിയമപരിശോധന തുടങ്ങി. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ഇന്ന് സുപ്രിം കോടതിയിൽ ഹർജി നൽകും.

പൗരത്വ നിയമ ഭേദഗതി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഡി വൈ എഫ് ഐ പ്രതികരിച്ചു. ഡി ഐ എഫ് ഐയും സുപ്രീം കോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമം കഴിഞ്ഞദിവസമാണ് മോദി സർക്കാർ നടപ്പാക്കിയത്.

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഈ വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്‌തിരുന്നു.