ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് ആഗ്രഹം; അമ്പത്തിയെട്ടാം വയസിൽ ക്ഷേത്രത്തിൽവച്ച് രണ്ടാമത് വിവാഹിതരായി ദമ്പതികൾ

Tuesday 12 March 2024 10:22 AM IST

വിഴിഞ്ഞം: ഇറ്റലിയിൽ മൊട്ടിട്ട പ്രണയത്തിനും ഒന്നാകലിനും ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശികൾക്ക് ആഴിമല ശിവക്ഷേത്ര സന്നിധിയിൽ താലികെട്ട്. ഇറ്റലി സ്വദേശികളായ മാസിമില്ലാനോ ടോയയും(58) നൈമികാൾഡോനിറ്റോ മാരിനയുമാണ് (58) ഇന്നലെ ക്ഷേത്രത്തിൽ വച്ച് വരണമാല്യം ചാർത്തിയശേഷം താലി കെട്ടിയത്. ക്ഷേത്രമേൽശാന്തി ജ്യോതിഷ് പോറ്റി കാർമ്മികനായി.

ഒരാഴ്ച മുൻപ് ഇറ്റലിയിൽ വച്ച് വിവാഹിതരായ ഇവർ സുഹൃത്തുക്കൾ മുഖേന കേരളത്തിലെ വിവാഹ ആചാരങ്ങൾ മനസിലാക്കിയതോടെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്നായി ആഗ്രഹം.തുടർന്നായിരുന്നു ഈ മിന്നുകെട്ട്.

മുണ്ടും ജുബ്ബയുമണിഞ്ഞ് വരനും വയലറ്റ് സാരിയിൽ വധുവും എത്തി.സുഹൃത്തുക്കളും മുണ്ടും സാരിയുമുടുത്താണ് എത്തിയത്. ആയുർവേദ ചികിത്സ തേടിയാണ് ഇരുവരും ആഴിമലയിലെ നിക്കീസ് നെസ്റ്റ് എന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. വിവാഹത്തിന് ഹോട്ടൽ മാനേജർ ഷൈജുവും ക്ഷേത്ര ജനറൽ സെക്രട്ടറി എൻ.വിജയനും സജ്ജീകരണങ്ങൾ ഒരുക്കി. വധൂവരന്മാർക്കൊപ്പം ഇവരുടെ 15 ഓളം സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹശേഷം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കേരളീയ സദ്യയുൾപ്പെടെ നൽകി.ഇരുവരും 16ന് നാട്ടിലേക്ക് മടങ്ങും.

Advertisement
Advertisement