രാഷ്ട്രീയ നേട്ടത്തിനല്ലേ മൃതദേഹം മോർച്ചറിയിൽ നിന്ന് സമ്മതമില്ലാതെ കൊണ്ടുപോയത്?; വിമർശനവുമായി ഹൈക്കോടതി

Tuesday 12 March 2024 12:49 PM IST

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ പൊലീസ് കേസിനെതിരായ ഹർജി പരിഗണിച്ച് ഹൈക്കോടതി. പൊലീസ് പീഡനം ആരോപിച്ച് ഹർജി നൽകിയ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കോടതി വിമർശിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചത്? പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചില്ലേ? അതിന് കേസെടുക്കരുതെന്ന് പറയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. സംഭവത്തിൽ പൊലീസ് നാല് കേസുകൾ എടുത്തെന്ന് മുഹമ്മദ് ഷിയാസിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, പ്രശ്നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, ഷിയാസിനെതിരായ കോടതി വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കേസ് നിയമപരമായി നേരിടും. ഇന്ദിരയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയിൽ നിന്നും എടുത്തത്. വന്യജീവി ആക്രമണത്തിൽ മരിച്ച നിരവധി പേരുടെ കുടുംബങ്ങൾക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയില്ല. കോൺഗ്രസിന്റെ സമരം കാരണമാണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement