ശബരിപാത: കേരളത്തിന് പേടി കരാർ വ്യവസ്ഥ

Wednesday 13 March 2024 12:38 AM IST
കേരളകൗമുദി ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: റെയിൽവേയുമായി കരാർ ഒപ്പിടേണ്ടി വരുന്നതാണ് അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ പകുതി ചെലവ് വഹിക്കാതെ കേരളം ഉഴപ്പാൻ കാരണം. കരാർ വച്ചശേഷം വിഹിതം കൃത്യമായി നൽകിയില്ലെങ്കിൽ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ കുറവു വരുത്തും. റിസർവ് ബാങ്ക് ഗാരന്റിയും റെയിൽവേ ആവശ്യപ്പെടുന്നുണ്ട്. ബാങ്ക് വഴി നൽകുന്ന കേന്ദ്രവിഹിതത്തിൽ കുറവു വരുത്താമെന്നാണ് കേരളം കരാറുണ്ടാക്കേണ്ടത്.

ഇപ്പോൾത്തന്നെ കേന്ദ്രവിഹിതത്തിൽ കുറവ് വന്നതുകാരണം വലിയ പ്രതിസന്ധിയിലാണ് കേരളം. നിയമയുദ്ധവും നടത്തുകയാണ്.പുതിയൊരു കുരുക്ക് കൂടി തലയിലേറ്റാൻ തയ്യാറല്ല.

റെയിൽപ്പാത നിർമ്മിക്കാനുള്ള 3800.93കോടി ചെലവിൽ പകുതി തുകയായ 1900.47കോടി കേരളം വഹിക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. സമ്മതിച്ച് കത്ത് നൽകാനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെങ്കിലും അടുത്തഘട്ടത്തിൽ കരാറൊപ്പിടേണ്ടി വരും.

ചെലവ് പങ്കിടുമെന്ന് സമ്മതിക്കാതിരുന്നാൽ കേന്ദ്രബഡ്ജറ്റിൽ ശബരിപാതയ്ക്കായി വകയിരുത്തിയ 100കോടി പാഴാവും. കത്ത് കിട്ടിയാലേ പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ റദ്ദാക്കി ഭൂമിയേറ്റെടുക്കലടക്കം തുടങ്ങൂ. എല്ലാ പദ്ധതികളിലും 50ശതമാനം ചെലവ് ആവശ്യപ്പെടാറില്ല. പാതയിരട്ടിപ്പിക്കലിന് മുഴുവൻ ചെലവും റെയിൽവേയാണ് വഹിക്കുന്നത് . ലാഭകരമല്ലാത്ത പദ്ധതികളിലാണ് 50%ചെലവ് ആവശ്യപ്പെടുക.

പല സംസ്ഥാനങ്ങളും പറ്റിച്ചു

ചെലവ് പങ്കിടാമെന്ന് ധാരണയുണ്ടാക്കിയശേഷം നിരവധി സംസ്ഥാനങ്ങൾ പിന്മാറിയതോടെയാണ് റെയിൽവേ പണം നൽകാമെന്ന് കരാറുണ്ടാക്കണമെന്ന വ്യവസ്ഥ വച്ചത്. മുൻപ് ഘട്ടംഘട്ടമായി പണം നൽകിയാൽ മതിയായിരുന്നെങ്കിൽ, ഇപ്പോൾ ഒറ്റത്തവണയായി നൽകണം. പണം ലഭിക്കുമെന്നുറപ്പാക്കാനാണ് റിസർവ് ബാങ്കിന്റെ ഗാരന്റി. പകുതിചെലവ് വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ട് മൂന്നുമാസമായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല.

27 വർഷം;7കി.മീ പാത

1997ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി 111കിലോമീറ്റർ ശബരിപാതയിൽ അങ്കമാലി-കാലടി 7കി.മി റെയിൽപാതയും പെരിയാറിൽ മേൽപ്പാലവുമാണ് നിർമ്മിച്ചത്. 104 കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. ഇനി 274ഹെക്ടർ ഭൂമിയേറ്റെടുക്കണം. 14സ്റ്റേഷനുകൾ നിർമ്മിക്കണം.