രഞ്ജി ട്രോഫി ഫൈനൽ : വിട്ടുകൊടുക്കാതെ വിദർഭ

Wednesday 13 March 2024 9:59 PM IST

മുംബയ് : രഞ്ജി ട്രോഫി ഫൈനലിൽ മുംബയ്‌ക്ക് എതിരെ രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 538 റൺസ് തേടിയിറങ്ങിയ വിദർഭ പിടിവിട്ടുപോകാതെ പൊരുതി കളി അവസാനദിവസത്തേക്ക് നീട്ടി. നാലാം ദിവസമായ ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ 10 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭ കളി നിറുത്തുമ്പോൾ 248/5 എന്ന നിലയിലാണ്. അഞ്ചുവിക്കറ്റുകളും അഞ്ചാംദിനവും ശേഷിക്കേ 290 റൺസ് കൂ‌ടി ജയിക്കാൻ വിദർഭയ്ക്ക് വേണം.

ആദ്യ ഇന്നിംഗ്സിൽ 105 റൺസിന് ആൾഔട്ടായ വിദർഭ രണ്ടാം ഇന്നിംഗ്സിൽ അങ്ങനെ തകരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. മറുനാ‌ടൻ മലയാളി താരം കരുൺ നായരുടെയും(74) വിക്കറ്റ് കീപ്പറും ക്യാപ്ടനുമായ അക്ഷയ് വാഡ്കറുടെയും(56നോട്ടൗട്ട്) ചെറുത്തു നിൽപ്പാണ് വിദർഭയയ്ക്ക് ജീവനായത്. രാവിലെ മുതൽ വിക്കറ്റ് കളയാതിരിക്കാനായിരുന്നു വിദർഭ ബാറ്റർമാരുടെ പരിശ്രമം. ഓപ്പണിംഗിൽ 64 റൺസ് കൂട്ടിച്ചേർത്ത അഥർവ തയ്ദെ (32) 19-ാം ഓവറിലും ധ്രുവ് ഷോറെ(28) ഓവറിലും പുറത്തായശേഷം ക്രീസിൽ ഒരുമിച്ച കരുൺ നായരും അമൻ മോഖഡെയും (32) മൂന്നാം വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. പകരമിറങ്ങിയ യഷ് റാത്തോഡ് (7) വേഗം പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്ത് കരുണും വാഡ്കറും ചെറുത്തുനിന്നു. 20-ാം ഓവർ മുതൽ 87-ാം ഓവർ വരെ ക്രീസിൽ നിന്ന് 220 പന്തുകൾ നേരിട്ട കരുൺ മൂന്ന് ബൗണ്ടറികളുടെ മാത്രം പിൻബലത്തോടെയാണ് 74 റൺസ് നേടിയത്. 287 മിനിട്ട് ക്രീസിൽ ചെലവിട്ട കരുണിനെ ഒടുവിൽ മുഷീർ ഖാനാണ് പുറത്താക്കിയത്. കളിനിറുത്തുമ്പോൾ 11 റൺസുമായി ഹർഷ് ദുബെയാണ് വാഡ്കറിന് കൂട്ട്.

Advertisement
Advertisement