നാടിന് അഭിമാനമായി ഷീനാറാണി  ജനിച്ചുവളർന്നത് പൂജപ്പുരയിൽ

Thursday 14 March 2024 12:44 AM IST

തിരുവനന്തപുരം: 'ചെറുപ്പം മുതൽ ഷീനയെ അറിയാം. ഇന്നലെ കേരളകൗമുദിയിൽ വന്ന വാർത്തയിലൂടെ ഷീന കൈവരിച്ച നേട്ടങ്ങൾ അറിഞ്ഞപ്പോൾ സന്തോഷം തോന്നി..' ഇന്ത്യയുടെ 'ദിവ്യാസ്ത്രം' അഗ്നി 5 ബാലിസ്റ്റിക് മിസൈൽ

വിജയിപ്പിച്ച് രാജ്യത്തിന്റെ യശസുയർത്തിയതിന് ചുക്കാൻ പിടിച്ച ഡി.ആർ.ഡി.ഒ അഗ്നി മിഷൻ ഡയറക്ടർ ഷീനാറാണിയുടെ അയൽവാസികൾ അഭിമാനത്തോടെ പറഞ്ഞു. പൂജപ്പുര കാട്ടുറോഡിൽ മാജിക്ക് അക്കാഡമിക്ക് സമീപത്തെ വീട്ടിലാണ് ഷീനാറാണി ജനിച്ചു വളർന്നത്.

'പഠിക്കാൻ മിടുക്കിയായിരുന്നു. സൗമ്യമായ പെരുമാറ്റം'-അയൽവാസി വത്സല ഓർത്തെടുത്തു. 20 വർഷംമുമ്പ് ഷീന ഇവിടത്തെ വീട് വിറ്റ് ഭർത്താവിനൊപ്പം ഹൈദരാബാദിൽ താമസമാക്കി. ഷീന പത്താം ക്ലാസിൽ പഠിക്കുമ്പോൾ എക്സൈസിൽ ജോലി ചെയ്തിരുന്ന അച്ഛൻ രാജശേഖരൻ നായർ മരിച്ചു. പി.ഡബ്ല്യു.ഡിയിൽ സിവിൽ എൻജിനിയറായിരുന്ന അമ്മ രാധാലക്ഷ്മിയുടെ തണലിലാണ് ഷീനയും സഹോദരി ഷീലാറാണിയും (സംസ്ഥാന ആഭ്യന്തരവകുപ്പ് റിട്ട. സ്പെഷ്യൽ സെക്രട്ടറി) വളർന്നത്. 1997ലായിരുന്നു അമ്മയുടെ മരണം. നാഗർകോവിലിനടുത്തെ വില്ലുകുറിയാണ് അമ്മയുടെ നാട്.

 സി.ഇ.ടിക്കും അഭിമാനം

വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിലായിരുന്നു ഷീന പഠിച്ചത്. 1982-83ൽ നീറമൺകര എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രി പഠനം. പുസ്തകങ്ങളായിരുന്നു കൂട്ട്. വായനാശാലകളിൽ നിന്ന് ശാസ്ത്രപുസ്തകങ്ങൾ എടുത്ത് കൗതുകത്തോടെ വായിച്ചു. രാത്രി ഏറെ വൈകിയും അതിരാവിലെ എഴുന്നേറ്റും പഠിച്ച് സ്വപ്നത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. 1984ൽ മെറിറ്റിൽ തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി-ടെക്കിന് പ്രവേശിച്ചു. 1988ൽ പഠിച്ചിറങ്ങി. പ്രോജക്ടും പ്രസന്റേഷനുമൊക്കെ ഉത്സാഹത്തോടെ ചെയ്തിരുന്ന ഷീനയെ സി.ഇ.ടിയിലെ സഹപാഠികൾ അഭിമാനത്തോടെ ഓർത്തു. ചന്ദ്രയാൻ 3ന്റെ മിഷൻ ഡയറക്ടർ മോഹനകുമാർ ഉൾപ്പെടെ ഏഴുപേർ പഠിച്ചിറങ്ങിയ കോളേജ് എന്ന പേരിലും സി.ഇ.ടിക്ക് ഖ്യാതിയുണ്ട്. ഷീനയെ കോളേജിൽ എത്തിച്ച് സ്വീകരണം നൽകാൻ ശ്രമിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.സേവ്യർ.ജെ.എസ് പറഞ്ഞു.

Advertisement
Advertisement