എസ്. അനീഷ്യയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്

Thursday 14 March 2024 12:37 AM IST

കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയിരുന്ന അന്വേഷണത്തിന് കാര്യമായ വേഗതയില്ലെന്ന പരാതി ശക്തമായതോടെയാണ് സംസ്ഥാന പൊലീസ് മേധാവി കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

അനീഷ്യയുടെ ഭർത്താവും അഡി. ജില്ലാ സെഷൻസ് ജഡ്ജിയുമായ കെ.എൻ.അജിത്ത്കുമാറിന്റെ കൂടി ആവശ്യം കണക്കിലെടുത്ത് ഐ.പി.എസ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്കും സർക്കാരിനും നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടത്.

ജനുവരി 21ന് രാവിലെ 11.30നാണ് പരവൂർ നെടുങ്ങോലം പോസ്‌റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ അനീഷ്യയെ കണ്ടെത്തിയത്. മരണത്തിന് പിന്നാല മേലുദ്യോഗസ്ഥന്റെയും സഹപ്രവർത്തകരുടെ മാനസിക പീഡനം സംബന്ധിച്ച അനീഷ്യയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അനീഷ്യയെ പരസ്യമായി അധിക്ഷേപിച്ചു, കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ രണ്ട് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

ഫയലിഴച്ചത് പണിയായി

 കേസ് ആദ്യം അന്വേഷിച്ചത് പരവൂർ പൊലീസ്

 ജനുവരി 22ന് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

 ഇവർ കാര്യമായി തെളിവുകൾ ശേഖരിച്ചില്ല

 നിർണായക സാക്ഷിമൊഴികളും രേഖപ്പെടുത്തിയില്ല

 ആരോപണ വിധേയരെ സഹായിക്കാനെന്ന് ആക്ഷേപം

 അന്വേഷണം ബോധപൂർവം വൈകിപ്പിക്കുവെന്ന് പരാതി

 തുടർന്ന് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന്

Advertisement
Advertisement