ഒടുവിൽ ആശ്വാസ വാർത്ത എത്തുന്നു, എട്ട് ജില്ലകളിൽ ഇന്നും നാളെ മൂന്നിടത്തും മഴയ്ക്ക് സാദ്ധ്യത

Thursday 14 March 2024 6:53 PM IST

തിരുവനന്തപുരം : വേനൽച്ചൂടിൽ ഉരുകുന്ന കേരളത്തിന് ഒടുവിൽ ആശ്വാസവാർത്ത എത്തുന്നു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ കോഴിക്കോട്,​ വയനാട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ തിരുവനന്തപുരം ,​ കൊല്ലം,​ പത്തനംതിട്ട ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം മാർച്ച് 14 മുതൽ 18 വരെ പാലക്കാട്,​ കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം ,​ എറണാകുളം,​ തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ)​ ഉയരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement
Advertisement