22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്‌ആർടിസി; ടെസ്റ്റ് ഗ്രൗണ്ടുകൾ ഒരുക്കാൻ നിർദേശം നൽകി എംഡി

Friday 15 March 2024 4:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ളവ ഒരുക്കാനാണ് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

സ്റ്റാഫ് ട്രെയിനിംഗ് സെന്റര്‍, പാറശ്ശാല, ഈഞ്ചക്കല്‍, ആറ്റിങ്ങല്‍, ആനയറ, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, നിലമ്പൂര്‍, പൊന്നാനി, എടപ്പാള്‍, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

ഏറ്റവും മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകാനാണ് തീരുമാനം. കൃത്യതയോടെയുള്ള പരിശീലനം നൽകി അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളിൽ കെഎസ്‌ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നത് പരിഗണിക്കുമെന്നും കെഎസ്‌ആർടിസി അറിയിച്ചു.