കേന്ദ്ര ഫണ്ടായി കോടികള്‍ ലഭിച്ചിട്ടും അനക്കമില്ല, ഒന്നാംഘട്ടം പോലും പൂര്‍ത്തിയാകാതെ കൊച്ചിയുടെ സ്വപ്‌ന പദ്ധതി

Friday 15 March 2024 11:30 PM IST

തോപ്പുംപടി: 169 കോടി രൂപ കേന്ദ്ര ഫണ്ട് ലഭിച്ചിട്ടും തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് അനക്കമില്ല. ഒന്നാം ഘട്ട ജോലികള്‍ പോലും പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ബോട്ടുകള്‍ സംസ്ഥാനത്തെ മറ്റ് ഹാര്‍ബറുകളില്‍ അടുക്കുന്ന സ്ഥിതിയാണ്. ഇതോടെ കൊച്ചിയില്‍ മീന്‍ ക്ഷാമവും രൂക്ഷമായി.

ഹാര്‍ബര്‍ വികസന ജോലികള്‍ എന്ന് തീരുമെന്ന് ആര്‍ക്കും പറയാനാകാത്ത തരത്തിലാണ്. ഭൂമി നിരത്തി ലേല ഹാളിന്റെ ജോലികള്‍ നടക്കുന്നതിനിടെയാണ് ജോലികള്‍ സ്തംഭനാവസ്ഥയിലായത്. ബോട്ടുജെട്ടി, എ.സിയുടെ ജോലികള്‍ ഉള്‍പ്പടെ നിരവധിയാണ് ബാക്കി കിടക്കുന്നത്. ഹാര്‍ബറില്‍ ബോട്ട് അടുക്കാത്തതോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോയി. മലയാളികള്‍ പലരും മറ്റു ജോലികളിലേക്കും ചേക്കേറി. ഇതോടെ കൊച്ചി ഹാര്‍ബര്‍ ഓര്‍മ്മയാകുമോ എന്ന ഭീതിയിലാണ് തൊഴിലാളികള്‍. ഹാര്‍ബറുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവരും പട്ടിണിയുടെ വക്കിലെത്തിയിരിക്കുകയാണ്.

എം.പി. ഇടപെട്ട് നവീകരണ ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കണം. - ഹാര്‍ബര്‍ ജീവനക്കാരന്‍ വിനോദ് കുമാര്‍, കൊച്ചി

കുങ്കുമപ്പൂവിന്‍ നന്മ വിതറിയ മട്ടാഞ്ചേരി ബസാറും

ഒരു കാലത്ത് ചരക്ക് വണ്ടികളുടെ ഇരമ്പലുകള്‍ക്ക് കാതോര്‍ത്തിരുന്ന മട്ടാഞ്ചേരി ബസാറും കൊച്ചി തുറമുഖവും ഓര്‍മ്മയായി മാറി. വല്ലാര്‍പാടത്തേക്ക് പറിച്ച് നട്ടതോടെ വ്യാപാര സ്ഥാപനങ്ങള്‍ പലതും തുറമുഖത്ത് നിന്ന് വഴി മാറി നിരവധി ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങള്‍ ഗോഡൗണുകളായി മാറി. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ കാട് പിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. ഇത് നവീകരിച്ച് തുറന്ന് കൊടുക്കാനുള്ള ശ്രമങ്ങളുമില്ല. മട്ടാഞ്ചേരി ബസാറില്‍ രണ്ടോമൂന്നോ സേഠുമാരുടെ കടകള്‍ ഒഴിച്ചാല്‍ ബാക്കി ശൂന്യമാണ്. ഒരു കാലത്ത് ഗര്‍ഭിണികള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്ന കുങ്കുമപൂവ് വാങ്ങിക്കാന്‍ ദൂരെ സ്ഥലങ്ങളിലുള്ളവര്‍ വരെ ബസാറില്‍ എത്താറുണ്ടായിരുന്നുവത്രെ. ഇപ്പോഴും ബസാറിലൂടെ സഞ്ചരിച്ചാല്‍ ചുക്കിന്റെയും കുരുമുളകിന്റെയും ഏലക്കയുടെയും ഗന്ധം ആസ്വദിക്കാന്‍ കഴിയും

ചൂളംവിളിയുടെ പ്രതീക്ഷ ഉയരുമോ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നും

ഒരുകാലത്ത് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നടത്തിയിരുന്ന കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍സ് ഇന്നും കൊച്ചിക്കാര്‍ക്ക് ജീവനുള്ള ഓര്‍മ്മയാണ്. വല്ലപ്പോഴും വന്ന് പോകുന്ന ചരക്ക് തീവണ്ടികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്. എറണാകുളം സൗത്തില്‍ നിന്നും ഒന്ന് രണ്ട് ട്രെയിനുകള്‍ തുറമുഖത്തേക്ക് സര്‍വീസ് നടത്തിയെങ്കിലും നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി അതും നിര്‍ത്തലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമേ ഇപ്പോള്‍ ഇവിടെ ഉള്ളൂ.

Advertisement
Advertisement