മന്ത്രി മാറി, പരിഷ്‌കാരവും മാറി കെ.എസ്.ആർ.ടി.സിയിൽ ജില്ലാഓഫീസ് ഒഴിവാക്കും

Saturday 16 March 2024 12:52 AM IST

തിരുവനന്തപുരം:പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ ജില്ലാ ഓഫീസ് പരിഷ്‌കാരം പിൻവലിക്കുന്നു. മന്ത്രി കെ.ബി ഗണേശ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ ഓഫീസുകൾ ഒഴിവാക്കി പഴയപടി ഡിപ്പോകളിലേക്ക് ഭരണം മാറ്റും.
പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നരവർഷം മുമ്പ് ഭരണവികേന്ദ്രീകരണം നടപ്പാക്കിയത്. മദ്ധ്യനിര മാനേജ്‌മെന്റിലെ വീഴ്ച പരിഹരിക്കാനും ഭരണചെലവ് കുറയ്‌ക്കാനുമാണ് ജില്ലാ ഓഫീസുകൾ കൊണ്ടുവന്നത്. ഇത് വിജയിച്ചതായി മാനേജ്‌മെന്റ് അവകാശപ്പെട്ടിരുന്നു. മന്ത്രി മാറിയതോടെ അവകാശവാദങ്ങളും കീഴ്‌മേൽമറിഞ്ഞു.
എൽ.ഡി.എഫ് സർക്കാരിലെ ആദ്യ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കാലത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് പിൻവലിക്കുന്നത്. ഓഫീസ് മാറ്റം ജീവനക്കാരെയും വലയ്ക്കും. ഓഫീസ് ജില്ലാകേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോൾ സർവീസ് രേഖകൾ ഉൾപ്പടെ പലതും നഷ്ടമായിരുന്നു.തിരിച്ച് മാറ്റുമ്പോഴും ഇതേ ബുദ്ധിമുട്ട് ഉണ്ടാകാം.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ടരവർഷം കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും നഷ്ടമെന്ന് കണ്ടാണ് പിൻവലിക്കുന്നത്. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ വർക്ക്‌ഷോപ്പുകളും നിർത്തിയിരുന്നു. കരാറടിസ്ഥാനത്തിൽ നിയോഗിച്ച ഫിനാൻസ് മാനേജർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെയും ഒഴിവാക്കി.