ഇലക്ഷൻ കമ്മിഷന്റെ കണക്കിൽ വോട്ടെടുപ്പ് 544 സീറ്റുകളിൽ, മണിപ്പൂരിലെ ഒരു സീറ്റിൽ രണ്ടുവട്ടമായി
ന്യൂഡൽഹി:തിരഞ്ഞെടുപ്പ് നടക്കുന്നത് 543 ലോക്സഭാ മണ്ഡലങ്ങളിലേക്കാണെങ്കിലും ഇന്നലെ കമ്മിഷൻ പുറത്തുവിട്ട കണക്കിൽ ആകെ സീറ്റുകളുടെ എണ്ണം 544 ആണ്. മാദ്ധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വ്യക്തത വരുത്തി.
മണിപ്പൂരിലെ ഔട്ടർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിൽ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ എണ്ണം ഒരുമിച്ചു കൂട്ടുമ്പോൾ 544 എന്ന് വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് മണിപ്പൂരിലുള്ളത്. ഇന്നർ മണിപ്പൂരും ഔട്ടർ മണിപ്പൂരും. ഇന്നർ മണിപ്പൂർ താഴ്വാരയിലും ഔട്ടർ മണിപ്പൂർ കുന്നുകൾ ഉൾപ്പെടുന്ന മേഖലയിലുമാണ്. ഇന്നർ മണിപ്പൂരിലും, ഔട്ടർ മണിപ്പൂരിലെ 15 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയിലും ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ഔട്ടർ മണിപ്പൂരിലെ ബാക്കി 13 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ ഏപ്രിൽ 26നും വോട്ടെടുപ്പ് നടത്തും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്യാംപുകളിൽ കഴിയുന്നവർക്ക് അവിടെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.
ജമ്മു കാശ്മീർ നിയമ
സഭയിലേക്ക് പിന്നീട്
സുരക്ഷാസാഹചര്യം വിലയിരുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മു കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതെന്ന് രാജീവ് കുമാർ അറിയിച്ചു. അവിടത്തെ രാഷ്ട്രീയപാർട്ടികൾ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പിനെ അനുകൂലിച്ചിരുന്നു. ഓരോ സ്ഥാനാർത്ഥിക്കും സുരക്ഷാഭടന്മാരെ നിയോഗിക്കുന്നതിൽ അടക്കം ബുദ്ധിമുട്ടുകൾ ഭരണസംവിധാനം ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.