ഏപ്രില്‍ മാസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് കഷ്ടപ്പാട്, ഈ മേഖലയിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം

Sunday 17 March 2024 7:55 PM IST

തിരുവനന്തപുരം: ഫെബ്രുവരി പകുതിയോടെ തന്നെ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ. മാര്‍ച്ച് മാസമായതോടെ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട് പലയിടങ്ങളിലും. കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം സംസ്ഥാനത്ത് ദിവസേന പുറപ്പെടുവിക്കുന്നുമുണ്ട്. എന്നാല്‍ ഇതുവരെ അനുവഭിച്ചതിലും വലുതാണ് ഇനി വരാനിരിക്കുന്നതെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്.

സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നുമുതല്‍ മാര്‍ച്ച് 20വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഏപ്രില്‍ മാസത്തോടെ ചൂട് പരമാവധി കാഠിന്യത്തില്‍ അനുഭവപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇടയ്ക്ക് വേനല്‍മഴ ലഭിക്കുമെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടാകാന്‍ ഇടയില്ലെന്നും സൂചനകളുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മേല്‍പ്പറഞ്ഞ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നുമുതല്‍ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.കൂടാതെ ഇന്നും മാര്‍ച്ച് 20, 21 തീയതികളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മാര്‍ച്ച് 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍ എന്നീ ജില്ലകളിലുമാണ് മഴ പ്രവചനമുള്ളത്.