രണ്ട് ലക്ഷം തൊഴിലവസരങ്ങളുമായി ഗള്‍ഫ് രാജ്യം, ഉദ്ഘാടനത്തിന് മുമ്പ് അപേക്ഷിച്ചത് പത്ത് ലക്ഷം പേര്‍
റിയാദ്: ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയിലെ ഈ പുതിയ വിമാനക്കമ്പനിയുടെ ഉദ്ഘാടനം പോലും കഴിയുന്നതിന് മുമ്പ് നാലിരട്ടിയാണ് ഇതുവരെ ലഭിച്ച അപേക്ഷകളുടെ എണ്ണം.
പ്രഖ്യാപനം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. രണ്ടായിരത്തി മുപ്പതോടെ ലോകത്തിലെ നൂറോളം സുപ്രധാന നഗരങ്ങളിലേക്ക് റിയാദ് എയര്‍ വിമാന സര്‍വീസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സൗദി കിരീടാവകാശി റിയാദ് എയര്‍ പ്രഖ്യാപിക്കുന്നത്. കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം പത്ത് ലക്ഷം പേരാണ് റിയാദ് എയറില്‍ ജോലിക്കായി അപേക്ഷിച്ചത്. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ക്ക് പുറമെ ലണ്ടന്‍, പാരീസ്, ദുബായ്, റിയാദ് എന്നിവിടങ്ങളില്‍ കമ്പനി നടത്തിയ റിക്രൂട്മെന്റ് ഷോകളിലെയും കണക്കുകളാണിത്.
രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, കൂടാതെ എണ്ണയിതര മേഖലയില്‍ 20 ബില്യണിന്റെ അധിക വരുമാനവും നേടിയെടുക്കും. വിമാനം അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ സര്‍വീസ് തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, ഇതിനായി നിലവില്‍ 72 വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡറുകള്‍ നല്‍കിയത്.