യുവതിയുടെ ദുരൂഹ മരണം: ആൺസുഹൃത്ത് കസ്റ്റഡിയിൽ

Monday 18 March 2024 12:00 AM IST

കുറ്റ്യാടി: വിലങ്ങാട് വാളൂക്ക് പുഴയരികിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ആൾ അറസ്റ്റിൽ. വിലങ്ങാട് അടുപ്പിൽ കോളനിയിലെ വാസു (എലുമ്പൻ-57) എന്നയാളാണ് കുറ്റ്യാടി പൊലീസിന്റെ പിടിയിലായത്. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സോണിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം മൂലം നാട്ടുകാർ നടത്തിയ പരിശോധനയിൽ പുഴയിലെ പാറക്കെട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് വാളൂർ പുഴയിൽ മീൻ പിടിക്കാൻ പോയ ഇരുവരും മദ്യപിക്കുകയും വാക്കേറ്റമുണ്ടാവുകയും സോണിയയെ പാറമുകളിൽ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.

വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ താമസിക്കുന്ന സോണിയ ഭർത്താവ് മോഹന്റെ മരണത്തോടെ വയനാട്ടിലായിരുന്നു താമസം. മൃതശരീരം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന്ന് ശേഷം അരിമല കോളനിയിൽ സംസ്‌കരിച്ചു.