നായ്ക്കളുടെ നിരോധനം: വഴിമുട്ടി ബ്രീഡർമാരും പെറ്ര് ഷോപ്പ് ഉടമകളും

Monday 18 March 2024 12:41 AM IST
നായ

കൊല്ലം: ആക്രമണകാരികളായ വളർത്തുനായ ഇനങ്ങളുടെ വിൽപ്പന കേന്ദ്രസർക്കാർ നിരോധിച്ചതോടെ പ്രതിസന്ധിയിലായി ജില്ലയിലെ പെറ്റ് ഷോപ്പുകളും ഫാം ഉടമകളും ഡോഗ് ബ്രീഡർമാരും. നിലവിലുള്ളവയെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈരംഗത്തുള്ളവർ.

23 ഇനങ്ങളിൽപ്പെട്ട നായ്ക്കളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഇവയിൽ ജില്ലയിൽ ഏറ്റവും കൂടുതലുള്ളത് റോട്ട് വീലർ ഇനത്തിൽപ്പെട്ട നായകളാണ്. പിറ്റ് ബുൾ, അമേരിക്കൻ ബുൾഡോഗ്, ഡോഗോ അർജന്റിനോ തുടങ്ങയവ ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ജില്ലയിലെ പല പെറ്റ് ഷോപ്പുകളുടെയും ബ്രീഡർമാരുടെയും വരുമാനത്തിന്റെ നല്ലഭാഗവും റോട്ട് വീലർ ഇനത്തിന്റെ വിൽപ്പനയും പ്രജനനവുമാണ്.

കൊല്ലം മങ്ങാടുള്ള ഒരു ബ്രീഡറുടെ കൈയിൽ നിലവിൽ പതിനഞ്ചോളം റോട്ട് വീലർ നായ്ക്കളുണ്ട്. ഇതിൽ പലതിനെയും വലിയ തുക ചെലവാക്കി പുറത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. വിറ്റാൽ നല്ല വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് പല ബ്രീഡർമാരും പെറ്ര് ഷോപ്പുകളും ഇവയെ വാങ്ങുന്നത്. ഒരു നായയെ ഇത്തരത്തിൽ പുറം രാജ്യത്തുനിന്ന് കൊണ്ടുവരാൻ മൂന്ന് ലക്ഷം രൂപവരെ ചെലവാകുമെന്ന് ബ്രീഡർമാർ പറയുന്നു.

നല്ല വംശപരമ്പരയിൽപ്പെട്ട ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്യിച്ച് ലഭിക്കുന്ന നായ്ക്കുട്ടികൾക്ക് കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് വരെ ഒരെണ്ണത്തിന് 40000 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ കൊവിഡിന് ശേഷം വില പകുതിയായി. നിരോധനം കൂടി വന്നതോടെ പലരുടെയും ഉപജീവന മാർഗം കൂടി വഴിമുട്ടി.

വരവില്ലാതെ ചെലവ് താങ്ങില്ല

 വിൽപ്പന മുടങ്ങിയാൽ ചെലവ് താങ്ങാനാകാതെ വരും

 ഭക്ഷണത്തിനും മരുന്നിനും മാത്രം ദിവസം 50000 രൂപ വരെ ചെലവാകുന്ന ഫാമുകൾ ജില്ലയിൽ

 തെറ്രായ രീതിൽ വളർത്തുന്നത് നായ്ക്കളെ അപകടകാരികളാക്കും

 ശരിയായ പരിശീലനം നൽകാത്തതും വിന

 നായ പരിശീലന കേന്ദ്രങ്ങളെയും ഡോഗ് ഗ്രൂമിംഗ് സെന്ററുകളെയും സ്വകാര്യ മൃഗാശുപത്രികളെയും പ്രതികൂലമായി ബാധിക്കും

നായ്ക്കളിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് വളർത്താനുള്ള സാദ്ധ്യതയടക്കം മുന്നിലുള്ളപ്പോൾ യാതൊരു പഠനവും നടത്താതെ നിരോധനം ഏർപ്പെടുത്തിയത് ശരിയല്ല. നിയമപരമായി നേരിടും.

ഡോഗ് ബ്രീഡർമാർ

Advertisement
Advertisement