കടുത്ത വേനൽ: ശ്രദ്ധ വേണം കന്നുകാലികളിൽ
തിരുവനന്തപുരം: വേനൽ കടുത്തതോടെ പശുക്കളിൽ പാലുത്പാദനം കുറയാനും സൂര്യാഘാതംമൂലം കന്നുകാലികൾക്ക് ആരോഗ്യപ്രശ്നമുണ്ടാകാനും സാദ്ധ്യത. ആവശ്യത്തിന് പച്ചപ്പുല്ല് ലഭിക്കാത്തതുമൂലമുള്ള ഭക്ഷണക്കുറവും ദോഷകരമാണ്. വേനൽചൂട് ശരീരസമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ക്ഷീണിതരായ കന്നുകാലികളിൽ കിതപ്പിനു പുറമെ വായിൽനിന്ന് പതവരിക, ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുക, തീറ്റയെടുക്കൽ കുറയുക, കലശലായ ദാഹം എന്നിവ ശ്രദ്ധിച്ചില്ലെങ്കിൽ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
ഖരാഹാരം/കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണമെന്നും ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ദ്ധർ നിർദ്ദേശിച്ചു.
കന്നുകാലികളുടെ വേനൽക്കാല തീറ്റ ക്രമീകരണത്തിലും പരിപാലനത്തിലും ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച് ബോധവത്‌കരണ ക്ലാസ് നടത്താനും പഞ്ചായത്ത് തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും മൃഗസംരക്ഷണവകുപ്പ് ആലോചിക്കുന്നു. നായ്ക്കൾ, പൂച്ച, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ടു കൊണ്ടുപോകുന്നതും സൂര്യാഘാതത്തിനിടയാക്കും. ഇവയ്ക്കും തണുത്ത വെള്ളവും പ്രോബയോട്ടിക്സും നൽകണം. വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം.
തുറസായ സ്ഥലത്ത് കെട്ടിയിടരുത്
കന്നുകാലികൾക്ക് വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധമാക്കുക
മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ/ തുള്ളി നന/ സ്പ്രിങ്ക്ളർ / നനച്ച ചാക്കിടുന്നത് ഉത്തമം
രാവിലെ 9മുതൽ വൈകിട്ട് 5വരെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്
ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം (കറവപ്പശുക്കൾക്ക് ദിവസം 80-100 ലിറ്റർ)
പച്ചപ്പുല്ല് /ഈർക്കിൽ മാറ്റിയ പച്ചഓല /പനയോല നൽകണം
പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച തുടങ്ങിയവ പരത്തുന്ന രോഗങ്ങളും അകിടുവീക്കവും ഉമിനീർ ഒലിച്ചുപോകുന്നത് മൂലമുണ്ടാകുന്ന ദഹനക്കേടും വയറിളക്കവും കൂടുതലായി കാണുന്നു.
സൂര്യാഘാതം ലക്ഷണങ്ങൾ
1.തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, നുരയുംപതയും വരൽ, വായതുറന്ന ശ്വസനം, പൊള്ളിയപാടുകൾ
2.വിദഗ്ദ്ധ ചികിത്സ നൽകണം. വെള്ളം നനച്ച് നന്നായി തുടയ്ക്കണം.
ധാരാളം വെള്ളം നൽകണം.
''രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടണം.
-ഡോ.ഡി.ഷൈൻ കുമാർ അസി.ഡയറക്ടർ,
മൃഗസംരക്ഷണ വകുപ്പ്