അനുവിന്റെ ദുരൂഹ മരണം: പ്രതി അറസ്റ്റിൽ

Monday 18 March 2024 1:36 AM IST

പേരാമ്പ്ര (കോഴിക്കോട്): വാളൂരിലെ കുറുങ്കുടി വാസുവിന്റെ മകൾ അംബിക എന്ന

അനുവിന്റെ (26)മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ (49) അറസ്റ്റിൽ. ഇയാൾ ഉപയോഗിച്ച ബൈക്ക് വാഴക്കാട് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ മുജീബിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പിനുള്ള ശ്രമത്തിലാണ് പൊലീസ്. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയാണ് ഇയാളെ കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
നേരത്തെ മാനഭംഗമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മുജീബ് റഹ്മാനെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. വാളൂരിലെത്തിയ ഇയാൾ ഭർത്താവിനെ ആശുപത്രിയിൽ കാണിക്കാൻ
തിടുക്കത്തിൽ പോകുന്ന അനുവിന് ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിലെ തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത് . മരണം ഉറപ്പാക്കിയ ശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയാണെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തുള്ള സിസി.ടി.വി ക്യാമറയിൽ പ്രതി ബൈക്കിൽ വരുന്ന ദൃശ്യം പതിഞ്ഞതും, ബൈക്കിന്റെ ഉടമയെ തേടിയുള്ള അന്വേഷണവുമാണ് പ്രതിയിലെത്തിച്ചത്. കണ്ണൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തിയിരുന്നു.

അനുവിനെ തിങ്കളാഴ്ചയാണ് കാണാതാവുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിന്റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരമുള്ള നൊച്ചാട് തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അത്രയൊന്നും വെള്ളമില്ലാതിരുന്ന തോട്ടിൽ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും സംശയത്തിന് ആക്കം കൂട്ടി .

Advertisement
Advertisement