പ്രചാരണച്ചൂടിൽ മലയോര മേഖല

Tuesday 19 March 2024 12:38 AM IST

മൂവാറ്റുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കൂര്യാക്കോസ് ഇന്നലെ കോതമംഗലം മൂവാറ്റുപുഴ മേഖലയിൽ പര്യടനം നടത്തി.

രാവിലെ കോതമംഗലത്ത് യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമാണ് എറണാകുളം ജില്ലയിലെ പര്യടനം ആരംഭിച്ചത്. വെള്ളൂർക്കുന്നം ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര വിശേഷാൽ പൂജകളിലും പ്രസാദം ഊട്ടിലും പങ്കെടുത്ത് ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ, ട്രഷറർ പി. രഞ്ജിത്ത്, അംഗം കെ.ബി. വിജയകുമാർ, ജനറൽ കൺവീനർ വി. കൃഷ്ണസ്വാമി എന്നിവരെയും ഭക്തജനങ്ങളേയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

തുടർന്ന് പായിപ്ര ഗ്രാമ പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളിലും സ്ഥാപനങ്ങളിലും കടകളിലും ജംഗ്ഷനുകളിലും അനാഥ മന്ദിരങ്ങളിലും ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. പായിപ്ര സെൻട്രൽ ജുമാ മസ്ജിദ്, ജാമിയ ബദരിയാ അറബി കോളേജ്, മുടവൂരിലെ വിവിധ സ്ഥാപനങ്ങൾ, സൊസൈറ്റിപ്പടി, കൊള്ളിക്കാട്ടു ചാലിൽ, പായിപ്ര കവല, പായിപ്ര സ്കൂൾപ്പടി, മില്ലും പടി, സബൈൻ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരെ കണ്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ, നഗരസഭ കൗൺസിലർ അമൽ ബാബു എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

ജോയ്‌സ് ജോർജ്ജ് ഇടുക്കിയിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് ഇന്നലെ ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തി. മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ലിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വിമലഗിരി, കൊച്ചുകരിമ്പൻ, ചാലിസിറ്റി, ഉപ്പുതോട്, പതിനാറാംകണ്ടം, മുരിക്കാശേരി, കമ്പിളികണ്ടം, പാറത്തോട്, കൊന്നത്തടി, അഞ്ചാംമൈൽ, ബഥേൽ, മേലേചിന്നാർ, തോപ്രാംകുടി, പ്രകാശ്, പുഷ്പഗിരി, തങ്കമണി, പാണ്ടിപ്പാറ, മരിയാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കൊലുമ്പൻകോളനി, പെരുങ്കാല, മണിയാറൻകുടി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നടന്ന നാട്ടുകൂട്ട ചർച്ചയിലും വെളിച്ചം കൂട്ടായ്മയിലും പങ്കെടുത്തു. ജോയിസ് ജോർജ് ഇന്ന് തൊടുപുഴ മേഖലയിൽ പര്യടനം നടത്തും.

Advertisement
Advertisement