സി എ എ വിരുദ്ധ പ്രക്ഷോഭം : കൂടുതൽ കേസുകൾ പിൻവലിക്കാൻ സർക്കാർ ,​ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

Monday 18 March 2024 8:04 PM IST

തിരുവനന്തപുരം പൗരത്വനിയമ ഭേദഗതി ( സി.എ.എ)​ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കൂടുതൽ കേസുകൾ സംസ്ഥാന സർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നു. കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാഴ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകി. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്. കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് 2022 ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്ന് സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും കോടതിയിൽ അപേക്ഷ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ച് ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തിൽ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകണമെന്നും ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനിക്കേണ്ടത്. സി.എ.എയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് പിൻവലിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

Advertisement
Advertisement