സി.പി.എം വീണ്ടും ഒറ്റുകാരായി: എം.എം ഹസൻ
തിരുവനന്തപുരം: ഇന്ത്യാസഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാതെ മാറി നിന്ന സിപിഎം മതേതര ജനാധിപത്യ മുന്നേറ്റത്തെ തളർത്താൻ ശ്രമിച്ചെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടുന്ന സി.പി.ഐ പോലും മുംബയിലെ റാലിക്ക് പ്രതിനിധിയെ അയച്ചപ്പോൾ സി.പി.എം ചരിത്രദൗത്യം ആവർത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന് സംരക്ഷിക്കാനാണ് സി.പി.എം ദേശീയ നേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉൾപ്പെടെയുള്ള കേസുകൾ എത്ര ഗൗരവതരമാണ് എന്നാണിത് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് പരാമർശിച്ചെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
ത്രിപുര നിയമസഭാ ഉപതിരഞ്ഞെടുപ്പിലും തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബീഹാർ, അസം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ ലോക്സഭയിലേക്കും കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിയിൽ ചേർന്നാണ് സി.പി.എം മത്സരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും മത്സരിക്കരുതെന്ന് അവർ നിലപാടെടുക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്- ഹസൻ പറഞ്ഞു.