രോഗം പടർത്തുന്നത് ഒച്ചുകൾ ഇസിനോഫിലിക് മെനിഞ്ചൈറ്റിസ് കുട്ടികൾക്കിടയിൽ വ്യാപകം

Wednesday 20 March 2024 12:32 AM IST

പഠനവിവരം പുറത്തുവിട്ടത് അമൃത ആശുപത്രി

കൊച്ചി: ഒച്ചുകളിൽനിന്ന് പകരുന്ന 'ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് (ഇ.എം)" എന്ന ഗുരുതര രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി 14 വർഷമായി നടത്തിയ പഠനത്തിന്റേതാണ് വെളിപ്പെടുത്തൽ. രോഗിയുടെ മരണത്തിന് ഇടയാക്കുന്നതോ മസ്തിഷ്‌കത്തിനും ഞരമ്പിനും ശാശ്വതമായി തകരാറുണ്ടാക്കുന്നതോ ആണ് ഈ രോഗാവസ്ഥ. പഠനത്തിന്റെ ഭാഗമായി പരിശോധിച്ച കുട്ടികളിൽ പകുതിയിലധികം പേർക്കും ഒച്ചുകളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായി. അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

രോഗകാരണം

ഒച്ചുകളിൽ കാണുന്ന റാറ്റ് ലംഗ്‌വേമാണ് (പരാന്ന അണുക്കൾ) ഇസിനോഫിലിക് മെനിഞ്ചൈറ്റിസിന് കാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ലാർവവീണ വസ്തുക്കളിലൂടെയോ കുട്ടികൾക്ക് അണുബാധയേൽക്കാം. പാകം ചെയ്യാത്ത ഉടുമ്പ്, ഞണ്ട്, തവള, ചെമ്മീൻ എന്നിവയുടെ മാംസത്തിലും ഇത്തരം അണുക്കളുണ്ട്. കടുത്തപനി, അലസത, ക്ഷോഭം, ഛർദ്ദി, ഇടവിട്ടുള്ള അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങൾ.

ചികിത്സ

ലംബർപഞ്ചർ എന്ന ലളിതമായ നടപടിക്രമത്തിലൂടെ സെറിബ്രോസ്‌പൈനൽ ദ്രാവകത്തിൽ ഇസിനോഫിലുകളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. സാധാരണ മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾകൊണ്ട് ഇ.എം രോഗലക്ഷണങ്ങൾ കുറയില്ല. ആൽബെൻഡാസോൾ, ഓറൽ സ്റ്റിറോയിഡുകൾ എന്നീ ചികിത്സാരീതികൾ പിന്തുടർന്നാൽ നാഡിസംബന്ധ തകരാറുകളില്ലാതെ സുഖം പ്രാപിക്കാനാകും. രോഗത്തെക്കുറിച്ച് കൂട്ടായ ബോധവത്കരണം അനിവാര്യമാണെന്നും പഠനറിപ്പോ‌ർട്ടിൽ ശുപാർശ ചെയ്യുന്നു.


''മുമ്പ് കരുതിയതുപോലെ ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് അപൂർവരോഗമല്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. ധാരാളം കുട്ടികളെ ഇത് ബാധിക്കുന്നു. പ്രത്യേകിച്ച് കാലവർഷത്തിന് ശേഷമുള്ള മാസങ്ങളിൽ വലിയ ആഫ്രിക്കൻ ഒച്ചുകളുടെ (അചാറ്റിന ഫുലിക്ക) വർദ്ധന അപകടസാദ്ധ്യത കൂട്ടുന്നുണ്ട്.

-ഡോ. വൈശാഖ് ആനന്ദ്

(പീഡിയാട്രിക് ന്യൂറോളജി വിഭാഗം,

അമൃത ആശുപത്രി).

Advertisement
Advertisement