പാലക്കാടിന് ആവേശമായി മോദി

Wednesday 20 March 2024 1:42 AM IST
​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​റോ​ഡ് ​ഷോ​യ്ക്ക് ​എ​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ന്നു.

പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എ ക്ലാസ് മണ്ഡലങ്ങളിൽ മിന്നുംവിജയം നേടുകയെന്ന ലക്ഷ്യത്തിൽ വീണ്ടുമൊരു റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടൻ മണ്ണിൽ. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യത്തെ കേരള സന്ദർശനമായിരുന്നു പാലക്കാട്ടേത്.

രാവിലെ എട്ടോടെ തന്നെ നഗരത്തിലേക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഒഴുകിയെത്തി. അതിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉണ്ടായിരുന്നു. പാർട്ടിപ്പതാകകളും തൊപ്പിയും ധരിച്ചെത്തിയ പ്രവർത്തകർ മോദിക്കൊപ്പം പാലക്കാട്ടെ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നിൽക്കുന്ന പ്ലക്കാ‌ർഡും കൈയ്യിലേന്തിയാണ് സമ്മേളന നഗരിയിലേക്കെത്തിയത്. അരമണിക്കൂറിനകം അഞ്ചുവിളക്കിൽ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസ് റോഡിന് ഇരുവശവും പൂരത്തിനെന്ന പോലെ ജനം തിങ്ങിനിറഞ്ഞു. പത്തേകാലിന് നീണ്ട കാത്തിരിപ്പ് അവസാനം, സുൽത്താൻപേട്ടയ്ക്ക് മുകളിലൂടെ മൂന്ന് ഹെലികോപ്റ്ററുകൾ പറന്നകന്നു. മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ നരേന്ദ്ര മോദി 10.35 ഓടെ നഗരത്തിലേക്ക്. പ്രവർത്തകരിൽ ആവേശകൊടുങ്കാറ്റുയർത്തി തുറന്ന ജീപ്പിലേക്ക്.

കനത്ത പാലക്കാടൻ ചൂടിനെ അവഗണിച്ച് തുറന്ന വാഹനത്തിൽ പാലക്കാട് നഗരത്തിലൂടെ അര ലക്ഷത്തോളം പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 35 മിനുട്ട് നീണ്ട റോഡ് ഷോ ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊർജം നിറയ്ക്കുന്നതായിരുന്നു. സുൽത്താൻപേട്ട ജംഗ്ഷനിൽ നിന്ന് സമാപന വേദിയിലേക്കെത്താൻ പത്തുമിനുറ്റെടുത്തു. പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയുടെ ഭാഗമായി.

 നഗരം കനത്ത സുരക്ഷയിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് പഴുതടച്ച സുരക്ഷയായിരുന്നു നഗരത്തിലുടനീളം ഒരുക്കിയത്. ബാഗുകൾ അടക്കം പരിശോധിച്ച് മെറ്റൽ ഡിറ്റക്ടറുകൾ വഴി ഉദ്യോഗസ്ഥർ അഞ്ചു വിളക്കു മുതൽ ഹെഡ് പോസ്റ്റ് ഓഫീസിന് ഇരുവശത്തുമുള്ള ഇന്നർ ഫുട്പാത്തിലൂടെ മാത്രം ആളുകളെ വഴിതിരിച്ചുവിട്ടു. എട്ടരയോടെ നിരക്ക് നിയന്ത്രണാതീതമായി. എസ്.പി.ജി, കേരള പൊലീസും ബന്തവസ് പരിശോധനയ്‌ക്കെത്തി. സ്ത്രീകൾ അടക്കമുള്ള ആളുകൾ റോഡ് നിറഞ്ഞ് എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടയ്ക്കിടെ പാടുപെട്ടു. ബാരിക്കേഡുകൾ വച്ച് റോഡ് അടച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോ അവസാനിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് നഗരത്തിലെ ഗതഗാതം സാധാരണ നിലയിലായത്.

Advertisement
Advertisement