ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് ഡെന്റൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Wednesday 20 March 2024 4:27 AM IST

അപകടം സ്കൂട്ടറിൽ സഞ്ചരിക്കവേ വിഴി‌ഞ്ഞത്തിനടുത്ത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ടോറസ് ലോറിയിൽ നിന്ന് പാറക്കല്ല് തെറിച്ചു തലയിൽ വീണ് ബി.ഡി.എസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. സ്‌കൂട്ടറിൽ പോവുകയായിരുന്ന വിഴിഞ്ഞം മുക്കോല കാഞ്ഞിരവിള വീട് അനന്തു ഭവനിൽ അജികുമാർ - ബിന്ദു ദമ്പതികളുടെ മകൻ അനന്തു ബി.അജികുമാർ (24 ) ആണ് മരിച്ചത്. തലയ്‌ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിയാണ്.

ഇന്നലെ രാവിലെ 8 മണിയോടെ മുക്കോല -ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് സംഭവം. കോളേജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു. അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു.
അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനു മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ചുകിടന്ന അനന്തുവിനെ ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ നിംസ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ തുടരവെ ഉച്ചയോടെ ജീവൻ പൊലിഞ്ഞു.
സംഭവത്തെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ തുറമുഖ കവാടം ഉപരോധിച്ചു. സംഭവത്തിൽ ടിപ്പർ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് വിഴിഞ്ഞം പൊലീസ് കേസെടുത്തു.
വിദേശത്തുള്ള അനന്തുവിന്റെ അച്ഛൻ അജികുമാർ ഇന്ന് എത്തിയ ശേഷം സംസ്‌കാരം നടത്തും. എം.എസ് സി വിദ്യാർത്ഥി അരുണ ബി.അജികുമാർ സഹോദരിയാണ് .

Advertisement
Advertisement