ലാഭം മാത്രം നോക്കി കെ.എസ്.ആർ.ടി.സി, ഓർഡിനറി സർവീസ് വെട്ടി, ജനം റോഡിൽ

Wednesday 20 March 2024 4:30 AM IST

 കുറച്ചത് ഒരു ലക്ഷം കിലോമീറ്റർ സർവീസ്

 28 രൂപ കി.മീറ്ററിന് കിട്ടാത്ത ട്രിപ്പ് ഇനിയില്ല

തിരുവനന്തപുരം: ലാഭമില്ലെന്ന പേരിൽ ഓർഡിനറി സ‌ർവീസുകൾ കെ.എസ്.ആർ.ടി.സി വ്യാപകമായി വെട്ടിക്കുറയ്ക്കുന്നത് ജനത്തെ വലയ്ക്കുന്നു. മൂന്നു മാസത്തിനിടെ ഒരു ലക്ഷം കിലോമീറ്റർ പ്രതിദിന സർവീസാണ് കുറച്ചത്. കിലോമീറ്ററിന് 28 രൂപ കിട്ടാത്ത ട്രിപ്പുകൾ വേണ്ടെന്നാണ് നിലപാട്.

രാവിലെ 10ന് ശേഷം വൈകിട്ട് മൂന്ന് വരെയുള്ള സർവീസുകൾക്കും രാത്രി സർവീസുകൾക്കുമാണ് പ്രധാനമായും കത്തിവച്ചത്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അനുമതിയുള്ള തലസ്ഥാന ജില്ലയിലെ തെക്കൻ, മലയോര പ്രദേശത്തുൾപ്പെടെ യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രാത്രി എട്ടിനുശേഷം മിക്ക റൂട്ടിലും ബസ്സുമില്ല.

മൂന്ന് മാസം മുമ്പ് പ്രതിദിന സർവീസ് 15 ലക്ഷം കിലോമീറ്ററായിരുന്നെങ്കിൽ ഇന്നത് 14 ലക്ഷം കി.മീറ്ററിൽ താഴെയാണ്. 4500 - 4750 ബസുകൾ പ്രതിദിനം സർവീസ് നടത്തിയ സ്ഥാനത്ത് ഇപ്പോൾ 3900 - 4000 ബസുകൾ മാത്രം. ഗതാഗത മന്ത്രിയുടെ നിദ്ദേശപ്രകാരം, റൂട്ട് പരിഷ്‌കരണമെന്ന പേരിലാണ് കടുംവെട്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓർഡിനറി ബസുകളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. വരുമാനക്കുറവുള്ള 52,456 കിലോമീറ്റർ സർവീസ് സംസ്ഥാന വ്യാപകമായി കുറയ്ക്കാൻ കഴിഞ്ഞെന്ന് കെ.എസ്.ആർ.ടി.സി തന്നെ ഊറ്റംകൊള്ളുന്നു.

ഇടയ്ക്ക് നിറുത്തലാക്കിയ സ്റ്റേ സർവീസ് തിരിച്ചുവരുന്നെന്ന് വിശ്വസിപ്പിച്ചാണ് രാത്രി ട്രിപ്പുകൾക്ക് പൂട്ടിട്ടത്. മുമ്പ് സ്റ്റേ ബസിന്റെ അവസാന ട്രിപ്പ് രാത്രി 10നും 11നുമൊക്കയായിരുന്നു. എന്നാലിപ്പോൾ രാത്രി എട്ടിനോ ഒൻപതിനോ യാത്ര അവസാനിപ്പിക്കും. രാവിലെ യാത്രക്കാർ നിറയുമ്പോൾ മാത്രമാകും മടക്കം. ജീവനക്കാർക്ക് ഡ്യൂട്ടി ലഭിക്കുന്നതിനാൽ തൊഴിലാളി സംഘടനകൾക്കും എതിർപ്പില്ല.

ട്രാൻസ്പോർട്ട് തീരുമാനത്തെ

കൂട്ടുപിടിച്ച് പ്രൈവറ്റുകാരും

പകൽ തിരക്ക് കുറഞ്ഞ സമയത്തെ ട്രിപ്പ് വെട്ടിച്ചുരുക്കൽ കെ.എസ്.ആർ.ടി.സി മാതൃകയിൽ പ്രൈവറ്റുകാരും തുടങ്ങിയിട്ടുണ്ട്. പരാതി മന്ത്രിക്ക് മുന്നിലെത്തിയപ്പോൾ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകി. ഇതിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്തെത്തി. കെ.എസ്.ആർ.ടി.സിക്ക് ആകാമെങ്കിൽ തങ്ങൾക്ക് ആയിക്കൂടേ എന്നാണ് ചോദ്യം. നടപടിയെടുക്കലും അതോടെ തീർന്നു.

ലാഭം കിട്ടാൻ തരികിട

ഓരോ ദിവസവും ടാർജറ്റ് നിശ്ചയിച്ച് നൽകിയാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. ഓർഡിനറി സർവീസുകളെ ഫാസ്റ്റ് പാസഞ്ചറാക്കി യാത്രക്കാരെ പിഴിയുന്നതാണ് മറ്റൊരു തന്ത്രം. പ്രതിദിനം 9 കോടി കളക്ഷനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യം.

ഈ മാസം നിശ്ചയിച്ച ടാ‌ർജറ്റും

ഇന്നലെ വരെ കളക്ഷനും

മേഖല ---------- ടാർജറ്റ്--------- നേടിയത്---- ശതമാനം

സൗത്ത്-------- 3,62,91,400---- 2,59,74,849---- 71.57

സെൻട്രൽ---- 3,16,52,300--- 2,10,56,097 --- 66.52

നോർത്ത് ---- 2,50,13,200-- 1,64,92,704--- 65.94

ആകെ---------- 9,29,56,900--- 6,35,23,650--- 68.34

Advertisement
Advertisement