ആദിവാസി യുവജനങ്ങളുടെ സമൂഹ വിവാഹവുമായി ധനലക്ഷ്മി ഗ്രൂപ്പ്
കൊച്ചി: ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായി നടത്തുന്ന ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട 216 യുവതീ,യുവാക്കളുടെ സമൂഹ വിവാഹം മാർച്ച് 25 ന് തിരുവനന്തപുരം കോവളം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാലത്രിപുരസുന്ദരി ദേവി ക്ഷേത്രത്തിൽ നടക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർ ഒരു പന്തലിൽ വിവാഹിതരാകുന്നത്. 1500ൽ അധികം അപേക്ഷകളിൽനിന്നാണ് 216 പേരെ തിരഞ്ഞെടുത്തത്.
ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവേളയിലാണ് 100 ശാഖകൾ പൂർത്തിയാകുമ്പോൾ 100 ആദിവാസി യുവതികളുടെ വിവാഹം നടത്തുമെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിബിൻദാസ് കടങ്ങോട്ട് ഉറപ്പ് നൽകിയത്.
216 യുവതീ, യുവാക്കൾ ജീവിതത്തിൽ പുതിയ അദ്ധ്യായം തുറക്കുന്ന ഈ സമയം ധനലക്ഷ്മി ഗ്രൂപ്പിന് ഏറെ വിലപ്പെട്ടതാണെന്നും ഡോ.വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു. സമൂഹ വിവാഹത്തോടനുബന്ധിച്ച് ഒരുലക്ഷത്തോളം പേർക്ക് അന്നദാനവും നടക്കും.
പുതിയ ശാഖകൾ
ധനലക്ഷ്മി ഗ്രൂപ്പിന്റെ പുതിയ ശാഖകൾ ഇന്ന് ചാലക്കുടിയിലും, കൊടുങ്ങല്ലൂരും തുറക്കും. ഗ്രൂപ്പിന്റെ നൂറാമത്തെ ശാഖ മാർച്ച് 23ന് തിരുവനന്തപുരം കേശവദാസപുരത്ത് ഗണേശോത്സവ ട്രസ്റ്റ് ചെയർമാനും പൗർണമിക്കാവ് മുഖ്യ ട്രസ്റ്റിയുമായ എം. എസ് ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും.