എന്ന് തീരും, റേഷൻ ദുരിതം
റേഷൻ വിതരണത്തിലെ സാങ്കേതികപ്രശ്നം ഉടൻ പരിഹരിക്കണം
മസ്റ്ററിംഗ് മുടങ്ങിയത് തങ്ങളുടെ കുറ്റംകൊണ്ടല്ലെന്ന് വ്യാപാരികൾ
കോഴിക്കോട്: സാങ്കേതികപ്രശ്നങ്ങൾ മൂലം റേഷൻ വിതരണം പ്രതിസന്ധിയിലാവുന്നതും മസ്റ്ററിംഗ് പോലും നടത്താനാവാത്ത സാഹചര്യം ഉയർന്നതും പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 15, 16 തീയതികളിൽ നടത്തേണ്ട മസ്റ്ററിംഗ് മുടങ്ങിയതോടെ കാർഡുടമകൾ റേഷൻ കടകളിൽ പ്രതിഷേധമുയർത്തിയിരുന്നു. തങ്ങളുടെ പ്രശ്നം കൊണ്ടല്ലാത്ത സംഭവത്തിൽ പ്രതിഷേധവും ആക്രമണവും നേരിടേണ്ട സാഹചര്യം ഇനി ഉയരരുതെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.
2023 മാർച്ച് മാസത്തിൽ കേന്ദ്ര ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ടുമെന്റിന്റെ 2023 മാർച്ച് 17ാം തീയതിയിലെ മസ്റ്ററിംഗ് പൂർത്തിയാക്കുവാനുള്ള നിർദ്ദേശം ഈ ഫെബ്രുവരി അവസാന ആഴ്ച വരെ വച്ചു താമസിപ്പിച്ചത് സംസ്ഥാന ഭക്ഷ്യവകുപ്പാണ്. സർവർ നിശ്ചലമായതിനെ തുടർന്നാണ് 15,16, തിയ്യതികളിലെ മഞ്ഞ,പിങ്ക് റേഷൻ കാർഡുകൾ ആധാർ മസ്റ്ററിംഗ് മുടങ്ങുകയും ഉപഭോക്താക്കൾ മണിക്കൂറുകളോളം കാത്തിരുന്ന് നിരാശയോടെ മടങ്ങേണ്ട സാഹചര്യം ഉണ്ടായതെന്നാണ് വ്യാപാരികളുടെ വിശദീകരണം. നിലവിലെ സർവറിൽ അമിതമായ ലോഡ് കാരണമാണ് പലപ്പോഴും നിശ്ചലമാവുന്നത്. ഇതിനു പരിഹാരമായി പുതിയ സർവർ സ്ഥാപിക്കുക എന്നത് സ്വാഗതാർഹമായ തീരുമാനമായാണ് വ്യാപാരികൾ കാണുന്നത്. റേഷൻ വിതരണം നിർത്തിവച്ച് ആധാർ മസ്റ്ററിംഗ് മാത്രമാക്കിയ 15ാം തിയതി രാവിലെ എട്ടോടെ തന്നെ സർവറിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു. 16ാം തീയതി എ.എ. വൈ.(മഞ്ഞ) കാർഡുകാർക്ക് മാത്രമായി മസ്റ്ററിംഗ് പരിമിതപ്പെടുത്തിയിട്ടുപോലും രാവിലെ തന്നെ സർവർ പ്രവർത്തിക്കാനായില്ല. ഇതോടെ ഉയർന്ന പ്രതിഷേധത്തിൽ മന്നാറിൽ ശശിധരൻ നായർ എന്ന വ്യാപാരി മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്നു.
14300 വരുന്ന റേഷൻകടകൾ ഒന്നിച്ചു വർക്ക്ചെയ്യുമ്പോൾ സർവറിന്റെ അമിത ലോഡ് കാരണം നിശ്ചലമാകുകയും 6000 പേർക്ക് ഒന്നിച്ച് റേഷൻ വിതരണം നടത്താനുള്ള ശേഷി സർവറിനില്ല.
ഇപ്പോഴും 2ജി
നെറ്റ് വർക്ക് സിഗ്നൽ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇപോസിൽ ബി.എസ്.എൻ.എൽ , മറ്റു സ്വകാര്യ നെറ്റ് വർക്ക് കമ്പനികളുടെ '2ജി ' സിം കാർഡുകളാണ് '5 ജി ' യുഗത്തിലും ഉപയോഗിക്കുന്നത്. മലയോര പ്രദേശങ്ങളിലടക്കം ഫോർജി സിംകാർഡുകൾ നൽകണമെന്ന നിർദ്ദേശവും നടപ്പായില്ല. സർവറിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനും വിദഗ്ധ നിർദ്ദേശങ്ങൾ സമർപ്പിക്കാനും സമിതിയെ വച്ചതും സർവർ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് തുക നീക്കിവച്ചതിനെയും വ്യാപാരികൾ സ്വാഗതം ചെയ്യുകയാണ്.
'നിലവിലെ സർവർ ഓവർലോഡുകാരണമാണ് പലപ്പോഴും നിശ്ചലമാകുന്നത്. പുതിയ സർവർ സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ് ". ടി. മുഹമ്മദാലി, സംസ്ഥാന ജനറൽ സെക്രട്ടറി, ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ .