സോളാർ വച്ചവരെ പിഴിയാൻ വീണ്ടും ഗ്രോസ് മീറ്റർ നീക്കം

Wednesday 20 March 2024 4:51 AM IST

# ഉപയോഗിക്കുന്ന അധിക വൈദ്യുതി മാനദണ്ഡം ഉപേക്ഷിക്കും

# വില മാനദണ്ഡമാക്കുമ്പോൾ കൂടുതൽ തുക അങ്ങോട്ട് കൊടുക്കണം

തിരുവനന്തപുരം:സബ്സിഡി വാഗ്ദാനത്തിൽ മയങ്ങിയും വൈദ്യുതി ബില്ലിലെ അധികബാദ്ധ്യതയൊഴിവാക്കാമെന്ന് സ്വപ്നം കണ്ടും പുരപ്പുറത്ത് സോളാർ സ്ഥാപിച്ചവർക്ക് ഇരുട്ടടിയായി ഗ്രോസ് മീറ്റർ ഏർപ്പെടുത്താൻ നീക്കം. എതിർപ്പുണ്ടോ എന്നറിയാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് രാവിലെ 11ന് തെളിവെടുപ്പ് നടത്തുകയാണ്. അതിനുശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ പുതിയ സംവിധാനം നിലവിൽ വരും.

രണ്ടുവർഷം മുമ്പും ഇതിന് ശ്രമിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് പിൻവാങ്ങിയത്.

സോളാറിലെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് കൊടുക്കുകയും വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്ക് മാത്രം ചാർജ്ജ് നൽകിയാൽ മതിയായിരുന്നു.അതിന് നെറ്റ് മീറ്ററിംഗ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഗ്രോസ് മീറ്ററിലേക്ക് മാറുന്നതോടെ സോളാർ വൈദ്യുതിക്കും കെ.എസ്.ഇ.ബിയിൽ നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്കും പ്രത്യേകം മീറ്റർ വയ്ക്കും. സോളാറിന് കെ.എസ്.ഇ.ബി 2.69രൂപ നിരക്കിൽ പണം തരും. വീട്ടിലെ കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപ നിരക്കിൽ ബില്ലും തരും. സോളാർ സ്ഥാപിച്ചവർക്ക് കനത്ത നഷ്ടം നേരിടും.

അടയ്ക്കേണ്ട തുക കൂടും

( ഉദാ. മൂന്നു കിലോവാട്ട് സോളാർ)

1. നെറ്റ് മീറ്ററിംഗ് സംവിധാനം

സോളാർ വൈദ്യുതി: 180യൂണിറ്റ്

വീട്ടിലെ ഉപയോഗം : 200യൂണിറ്റ്

അധിക ഉപയോഗം: 20 യൂണിറ്റ്

20 യൂണിറ്റിന്റെ ദ്വൈമാസ ബിൽ

126രൂപ കൊടുത്താൽ മതി.

(ഇടപാടിന് അടിസ്ഥാനമാക്കുന്നത്

വൈദ്യുതി യൂണിറ്റാണ്)

2. ഗ്രോസ് മീറ്റർ സംവിധാനം

സോളാർ വൈദ്യുതി:180യൂണിറ്റ്

തരുന്ന വില: 484രൂപ

വീട്ടിലെ ഉപയോഗം: 200യൂണിറ്റ്

കെ.എസ്.ഇ.ബി ബിൽതുക: 857രൂപ

അധിക ബാദ്ധ്യത: 373രൂപ

(വൈദ്യുതിയുടെ വിലയാണ്

അടിസ്ഥാനം)

സോളാർ വൈദ്യുതിക്ക്

തരുന്ന വില:

2.69രൂപ

കെ.എസ്.ഇ.ബിയുടെ

വൈദ്യുതിക്ക്

ഈടാക്കുന്നത്:

ശരാശരി 4.20 രൂപ

സോളാർ സ്ഥാപിച്ച

വീടുകൾ: 1.70ലക്ഷം

അപേക്ഷകർ:

3 ലക്ഷം

Advertisement
Advertisement