കാലിക്കറ്റ് യൂണി: ഗവർണറുടെ ഹിയറിംഗ് ഇന്ന്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് അദ്ധ്യാപകർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ നൽകിയ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയതിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്ന് ഗവർണർ ഹിയറിംഗ് നടത്തും. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനെതിരായ ഹർജികളിലാണ് ഗവർണർ ഹിയറിംഗ് നടത്തി മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടത്.
സെനറ്റിലേയ്ക്കുള്ള ഗവർണറുടെ നോമിനികളായ ഡോ. പി, രവീന്ദ്രൻ, ഡോ. റ്റി.എം.വാസുദേവൻ എന്നിവർ യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു വന്നവരല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രികകൾ രജിസ്ട്രാർ തള്ളിയത്. വാഴ്സിറ്റി ചട്ട പ്രകാരം ഡോ. വാസുദേവനെ വകുപ്പു മേധാവിയെന്ന നിലയിലും ഡോ. രവീന്ദ്രനെ ഗവേഷണ സ്ഥാപന പ്രതിനിധിയെന്ന നിലയിലുമാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം യൂണിവേഴ്സിറ്റി നിയമത്തിൽ നിഷേധിച്ചിട്ടില്ല. പത്രിക തള്ളിയത് ബോധപൂർവമാണെന്ന് പരാതി കിട്ടിയതോടെയാണ് ഗവർണർ തിരഞ്ഞെടുപ്പ്
തടഞ്ഞത്. യൂണിവേഴ്സിറ്റി അധികൃതർ ഓൺലൈനിലും ഗവർണറുടെ നോമിനികളും അഭിഭാഷകരും നേരിട്ടും ഹിയറിംഗിൽ പങ്കെടുക്കും.
നിയമനം ചട്ടലംഘനം
ആകുമോയെന്ന്
ഗവർണർ
തിരുവനന്തപുരം: വിവരാവകാശ കമ്മിഷനിൽ മൂന്ന് അംഗങ്ങളെ നിയമിക്കുന്നതടക്കമുള്ള സർക്കാരിന്റെ ശുപാർശകൾ അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാവുമോയെന്ന് അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.വേണുവിനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ഡോ.സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരെ നിയമിക്കാൻ നേരത്തേ സർക്കാർ ശുപാർശ ചെയ്തതാണ്.
മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമായ കെ. ബൈജൂനാഥിന് ആക്ടിംഗ് ചെയർപേഴ്സണിന്റെ ചുമതല നൽകുന്നതിലും ഗവർണർ ഈ സംശയം ഉന്നയിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ കമ്മിഷൻ അദ്ധ്യക്ഷനാക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ആക്ടിംഗ് അദ്ധ്യക്ഷന്റെ ചുമതല കൈമാറണമെന്നാണ് സർക്കാർ ശുപാർശ നൽകിയത്. മൂന്നു വർഷത്തേക്ക് ബൈജൂനാഥിന് കമ്മിഷനംഗമായി പുനർനിയമനം നൽകിയിരുന്നു. ഏഴു തടവുകാരെ വിട്ടയയ്ക്കാനുള്ള ഫയലിൽ ഒപ്പുവയ്ക്കുന്നതിനും പെരുമാറ്റചട്ടം തടസമാവുമോയെന്ന് അറിയിക്കാൻ ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ട്രാൻ. പെൻഷൻ ഈയാഴ്ച
നൽകുമെന്ന് സർക്കാർ
കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻ ഈയാഴ്ച വിതരണം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് രൂപീകരിച്ച കൺസോർഷ്യത്തിന്റെ ഭാഗമായ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് കുടിശിക തുക കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു. എട്ട് ശതമാനം പലിശ സഹിതം 78.81 കോടി രൂപയാണ് തിരിച്ചടച്ചത്. ഒരുമാസത്തെ പെൻഷൻ മുടങ്ങിയതിനെതിരെ ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നൽകിയ കോടതിലയക്ഷ്യ ഹർജിയിലാണ് വിശദീകരണം. ഹർജി ഈയാഴ്ച തന്നെ വീണ്ടും പരിഗണിക്കാൻ മാറ്റി.