ബാങ്കിൽ നിന്ന് വലിയ തുക പിൻവലിക്കുന്നവർ രേഖകൾ കൈയിൽ കരുതണം: ജില്ലാ കളക്ടർ

Wednesday 20 March 2024 12:36 AM IST
.

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എൻഫോഴ്സ്‌മെന്റ്, എസൻഷ്യൽ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴിൽ എയർ ഇന്റലിജൻസ്, സ്‌പെഷ്യൽ കംപ്ലൈന്റ് മോണിറ്ററിംഗ് എന്നീ രണ്ട് യൂണിറ്റുകൾക്ക് രൂപം നൽകാനും ഇത്തരത്തിൽ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങൾ യഥാക്രമം കമ്മിഷനെ അറിയിക്കാനും കളക്ടർ നിർദ്ദേശിച്ചു. 28 മുതലാണ് യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കേണ്ടത്.
ബാങ്കുകളിൽ നിന്നും വലിയ തുക പിൻവലിക്കുന്ന ഉപഭോക്താക്കൾ ബാങ്ക് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്കിൽ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാൽ ഇവ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ലീഡ്ബാങ്ക് മാനേജർക്ക് കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന സാഹചര്യത്തിൽ സി-വിജിൽ ആപ്പിൽ നിന്നും കൊണ്ടുപോകാനുദ്ദേശിക്കുന്ന പണം, ആരാണ് കൊണ്ട് പോകുന്നത് എന്നീ വിവരങ്ങൾ നൽകി ബാർകോഡ് സ്ലിപ്പെടുത്ത് കൈയിൽ കരുതണമെന്നും നിർദ്ദേശിച്ചു.
ബീവറേജുകളിലും ബാറുകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് മദ്യം സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എക്‌സൈസ് വകുപ്പിനോട് നിർദ്ദേശിച്ചു. ഇത്തരത്തിൽ വലിയ തോതിൽ മദ്യം ശേഖരിക്കുന്നതായി പരിശോധനയിൽ വ്യക്തമായാൽ പിടിച്ചെടുത്ത് കണ്ടുകെട്ടണം. ജില്ലയിലെ ജയിലുകളിൽ കരുതൽ തടങ്കലിൽ കഴിയുന്നവർക്ക് തപാൽ വോട്ടിന് അവസരം നൽകാൻ ജയിൽ വകുപ്പിന് നിർദ്ദേശം നൽകി. പുതുതായി പരോൾ അനുവദിക്കരുതെന്നും അത്യാവശ്യ ഘട്ടത്തിൽ എസ്‌കോർട്ട് വിസിറ്റ് മാത്രം അനുവദിക്കാമെന്നും കളക്ടർ നിർദ്ദേശിച്ചു.

വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസിനെയും അഗ്നിരക്ഷാസേനകളെയും വൈദ്യുതി തടസ്സം ഒഴിവാക്കാൻ കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തി. ഇന്റർനെറ്റുൾപ്പടെ കണക്റ്റിവിറ്റിക്കാവശ്യമായ സൗകര്യങ്ങൾ ബി.എസ്.എൻ.എൽ ഒരുക്കണം. ഇലക്‌ഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ പ്രത്യേക സർവീസ് ഒരുക്കാൻ കെ.എസ്.ആർ.ടിസിയോടും കളക്ടർ നിർദ്ദേശിച്ചു. തോക്ക് ലൈസൻസുള്ളവർ അത് സറണ്ടർ ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Advertisement
Advertisement