ആദിവാസികൾക്ക് ഇനി തേൻകാലം

Wednesday 20 March 2024 12:38 AM IST

എടക്കര : സീസണായതോടെ വനത്തിലെ മുളങ്കൂട്ടങ്ങളിൽ നിന്നും ഉയർന്ന മരങ്ങളിൽ നിന്നും തേൻ ശേഖരിക്കുന്ന ആദിവാസികൾ പതിവ് കാഴ്ചയാകുന്നു. വേനൽക്കാലത്താണ് മുളങ്കൂട്ടങ്ങളിൽ നിന്നും മറ്റുമായി തേൻ സുലഭമായി ലഭിക്കുക.

ഉയർന്ന മുളങ്കൂട്ടങ്ങൾക്കുള്ളിലും മരത്തിന്റെ മുകളിലുമായാണ് തേനറകൾ കാണപ്പെടുന്നത്. ചെറുതേനും വൻതേനും ഈ സമയത്ത് സുലഭമായി ലഭിക്കും. വൻതേൻ ലഭിക്കാൻ ഉയരമുളള മരങ്ങളിൽ കയറണം. മൂന്നും നാലും ഏണികൾ കൂട്ടിക്കെട്ടിയാണ് മുകളിൽ എത്തുന്നത്. വൻതേനാണ് സുലഭമായി ലഭിക്കുക. പുഞ്ചക്കൊല്ലി, അളയ്ക്കൽ, മരുത, മാഞ്ചീരി, വട്ടിക്കല്ല്, ഉച്ചക്കുളം, മുണ്ടക്കടവ്, മുണ്ടേരി, തണ്ടൻകല്ല്, അപ്പൻകാപ്പ്, വാണിയാപ്പുഴ വനമേഖലകളിലാണ് തേൻ സമൃദ്ധമായി ഉളളത്. ഔഷധഗുണം കൂടിയ ചെറുതേനിനാണ് ഡിമാൻ‌ഡ് കൂടുതൽ. വിപണിയിൽ കിലോയ്ക്ക് 2000 രൂപ വരെ വിലയുണ്ട്.

കഷ്ടപ്പാട് ചെറുതേൻ കിട്ടാൻ

നീളം കൂടിയ മുളയുടെ ഉള്ളിൽ നിന്നും ചെറുതേൻ ശേഖരിക്കാനാണ് കൂടുതൽ കഷ്ടപ്പാട്.

ഉണങ്ങിയ ചെറിയ സുഷിരത്തിന് ചുറ്റും പാറി നടക്കുന്ന തേനീച്ചകളെ കണ്ടെത്താൻ ഏറെ പരിചയം വേണം.

മുള്ളുകൾ വെട്ടിമാറ്റി മുകളിലേക്ക് കയറണം.

ഇടയിൽ നിൽക്കുന്ന മുളയുടെ തേനറയുള്ള ഭാഗം വെട്ടിയെടുക്കുമ്പോഴേക്കും ദേഹത്ത് മുറിവേൽക്കും. മുളയുടെ ഈ ഭാഗവുമായാണ് മടക്കം. തേനറയുള്ള ഭാഗം നടുവെ മുറിച്ച് തേൻ ശേഖരിക്കും.

ദിവസം മുഴുവൻ രണ്ട് പേർ അധ്വാനിച്ചാൽ ഒരു കിലോ തേനാണ് കിട്ടുക. തേൻ ശേഖരണത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ട്. കാട്ടാന ശല്യം രൂക്ഷമായതാണ് മറ്റൊരു പ്രതിസന്ധി.

സോമൻ,​ പുഷ്പരാജൻ

തൊഴിലാളികൾ

Advertisement
Advertisement