ആക്രിക്ക് തൂക്കി വീറ്റൂടെ... പരമ്പര രണ്ടാംഭാഗം , തിരുവല്ലയിൽ വാഹനക്കൂന

Wednesday 20 March 2024 12:34 AM IST

തിരുവല്ല : വിവിധ സർക്കാർ ഒാഫീസുകളും കോടതികളും മദ്യവിൽപ്പനശാലയുമുള്ള തിരുവല്ല റവന്യൂ ടവറിലേക്കുള്ള വഴിയോരത്ത് തുരുമ്പെടുത്ത വാഹനങ്ങളുടെ കൂനകൾ കാണാം. ഇടുങ്ങിയ റോഡിന്റെ പലഭാഗങ്ങളിലും പഴകി ദ്രവിച്ച ഇത്തരം വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. തൊണ്ടിമുതലായതിനാൽ ആർക്കും പരാതിയുമില്ല. ചുറ്റുപാടും കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളും തെരുവുനായ്ക്കളുമെല്ലാം ഇവിടം താവളമാക്കിയിരിക്കുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങളാണിവ. കോടതികൾ തീർപ്പാകാത്ത കേസുകളിലെ വാഹനങ്ങളാണ് ഇതിലേറെയും. റവന്യൂ ടവറിലെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ആക്രിവാഹനങ്ങൾ സ്ഥലം പാഴാക്കുന്നത്.

ഷുഗർ ഫാക്ടറി വളപ്പിലേക്ക് മാറ്റാം

പരാതികൾ ഏറിയതോടെ റവന്യു ടവർ - കച്ചേരിപ്പടി റോഡിലും പൊലീസ് സ്റ്റേഷൻ വളപ്പിലും കൂട്ടിയിട്ടിരുന്ന കുറെ വാഹനങ്ങൾ കോടതിയുടെ അനുമതിയോടെ വർഷങ്ങൾക്ക് മുമ്പ് പുളിക്കീഴ് ഷുഗർ ഫാക്ടറി വളപ്പിലേക്ക് മാറ്റിയിരുന്നു. വ്യവഹാരങ്ങളിൽ പൊളിച്ച് വിൽക്കാൻ നിയമപരമായ അനുമതി ലഭിച്ചതിനെ തുടർന്ന് കുറെ വാഹനങ്ങൾ പൊളിച്ചും നീക്കി. എന്നാൽ ബാക്കിയുള്ളവ കീറാമുട്ടിയായി ഇപ്പോഴും റവന്യു ടവറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രി - റവന്യു ടവർ റോഡിന്റെ പരിസരങ്ങളിലും തള്ളിയിട്ടുണ്ട്. ഏക്കറു കണക്കിന് സ്ഥലം ഉപയോഗശൂന്യമായ ഷുഗർ ഫാക്ടറി വളപ്പിലേക്ക് തന്നെ ആക്രി വാഹനങ്ങൾ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement