മുഖാമുഖവുമായി തോമസ് ഐസക്ക്
പത്തനംതിട്ട : വയോജന സൗഹൃദ ജില്ലയായി പത്തനംതിട്ടയെ മാറ്റുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ആറന്മുള്ള മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന മുഖാമുഖം പരിപാടിയുടെ ഭാഗമായി കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിലെ അന്തേവാസികളോട് നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ സംരക്ഷണത്തിനായി സമഗ്രമായ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കും. ആരോഗ്യമുള്ള 75 വയസിന് താഴെയുള്ളവർക്ക് സാമൂഹ്യമേഖലയിൽ പ്രവർത്തിക്കാനുള്ള അവസരം ഒരുക്കും. വയോജനങ്ങൾക്കായി വാർഡുകൾ തോറും ക്ലബ്ബുകൾ രൂപീകരിക്കും. കിടപ്പ് രോഗികളുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഓതറ, വള്ളംകുളം ഇരവിപേരൂർ, കടപ്ര പകൽ വീട്, കുമ്പനാട്,കോഴഞ്ചേരി, ആറന്മുള, കുളനട, ഉളനാട്, ഓമല്ലൂർ എന്നിവിടങ്ങളിൽ നടന്ന മുഖാമുഖങ്ങളിൽ പങ്കെടുത്തു. മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുൻ എം.എൽ.എ എ.പത്മകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, അഡ്വ. കെ.അനന്തഗോപൻ, ഫിലിപ്പോസ് തോമസ്, ആർ.അജയകുമാർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട ഉരുക്ക് കോട്ടയായി തുടരും : വി.ഡി.സതീശൻ
പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും തിരിച്ചുപിടിക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി, പിണറായി സർക്കാരുകൾക്കെതിരായ അമർഷവും വിഷമവും വോട്ടർമാർ ഇൗ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കും. മോദിയും പിണറായിയും അണ്ണനും തമ്പിയും കളിക്കുകയാണ്. സംസ്ഥാനത്ത് ക്രിമിനലുകളെ വളർത്തിയത് പിണറായി വിജയനാണ്. സർവകലാശാലകളിൽ ഗുണ്ടായിസമാണ് അരങ്ങറുന്നത്. പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ ഇടമായി സംസ്ഥാന ഖജനാവ് മാറി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഒരു മാസത്തെ ക്ഷേമ പെൻഷൻ കൊടുത്തു. ഇനി വോട്ടെടുപ്പിന്റെ തലേന്നും കൊടുക്കും. പക്ഷെ, ഇൗ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന്റെ കാപട്യം ജനങ്ങൾ തുറന്നുകാട്ടും. ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. സി.പി.എം - ബി.ജെ.പി അന്തർധാര ബിസിനസ് തുടങ്ങിയിരിക്കുകയാണെന്നും അതാണ് നിരാമയ - വൈദേഹി റിസോർട്ട്. ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വില മുന്നൂറ് ശതമാനം വർദ്ധിപ്പിച്ചു. കർഷകരുടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി, കള്ളപ്പണം വിദേശത്ത് നിന്ന് കൊണ്ടുവന്ന് സാധാരണക്കാരുടെ അക്കൗണ്ടിലിടുമെന്ന് പറഞ്ഞുപറ്റിച്ചു. ഇതൊക്കെയാണ് മോദിയുടെ ഗ്യാരന്റിയെന്ന് സതീശൻ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.
മൂലൂരിന്റെ മണ്ണിൽ അനിൽ ആന്റണി
ഇലവുംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സന്ദർശിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജില്ലാ സെക്രട്ടറി റോയ് മാത്യു, മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ, ജില്ലാ കമ്മിറ്റിയംഗം പി.ബി.സുരേഷ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ, ബി.ജെ.പി മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രാജു, ജനറൽ സെക്രട്ടറി അജികുമാർ തുടങ്ങിയവർ പങ്കെടുത്തു. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന മാത്യു പി.ജോർജിനെ സന്ദർശിച്ചു. ബി.എം.എസ് ജില്ല കമ്മിറ്റി ഒാഫീസിൽ അനിൽ ആന്റണിക്ക് സ്വീകരണം നൽകി.