യുവമനസറിഞ്ഞ് സ്ഥാനാർത്ഥികൾ

Wednesday 20 March 2024 12:02 AM IST
എം.ടി. രമേശ് കുന്ദമംഗലം നിയമസഭമണ്ഡലത്തിൽ നടത്തിയ പ്രചാരണത്തിനിടെ

കോഴിക്കോട്: യുവാക്കളുടെ മനസറിയാനും വോട്ടുറപ്പിയ്ക്കാനുമുള്ള നെട്ടോട്ടത്തിൽ സ്ഥാനാർത്ഥികൾ. യുവ വോട്ടർമാരുടെ മനസ് അനുകൂലമാക്കാൻ ഏറെ സമയമാണ് സ്ഥാനാർത്ഥികൾ കോളേജുകളിലെ സന്ദർശനത്തിനും പ്രചാരണത്തിനുമായി മാറ്റിവയ്ക്കുന്നത്. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനും എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമും, വടകരയില എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയും യുവാക്കളുടെ വോട്ടുതേടി കോളേജുകളിലെത്തി.

ദേവഗിരി സെന്റ് ജോസഫ് കോളേജിലെത്തിയ എം.കെ. രാഘവൻ ക്ലാസ് മുറികളിലെത്തി വോട്ടഭ്യർത്ഥിച്ചു. കുശലം പറച്ചിലും സെൽഫിയെടുക്കലുമൊക്കെയായി വിദ്യാത്ഥികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കോഴിക്കോടിന്റെ യുവത്വം യു.ഡി.എഫിനൊപ്പമാണെന്നും കാമ്പസുകളിൽ നിന്നും ലഭിക്കുന്ന പന്തുണ വലിയ ഊർജ്ജമാണ് തരുന്നതെന്നും എം.കെ. രാഘവൻ പറഞ്ഞു.

മലാപ്പറമ്പ് പ്രൊവിഡൻസ് കോളേജ് സന്ദർശിച്ചായിരുന്നു എം.കെ. രാഘവന്റെ സ്ഥാനാർത്ഥി പര്യടനത്തിന് തുടക്കം. തുടർന്ന് ജെ.ഡി.റ്റി വെള്ളിമാടുകുന്ന് പോളിടെക്നിക് കോളേജ്, ജെ.ഡി.റ്റി ആർട്സ് കോളേജ് എന്നീ കാമ്പസുകൾ സന്ദർശിച്ചു. പിന്നീട് ചെറുവറ്റ മോകാസ് കോളേജിലായിരുന്നു പര്യടനം. തുടർന്ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക്ക് കോളേജിലും വെസ്റ്റ്ഹിൽ ഗവ. എൻജിനിംയറിംഗ് കോളേജിലും കാരപ്പറമ്പ് ഗവ് ഹോമിയോ കോളേജ് കാമ്പസിലും എം.കെ. രാഘവന്റെ പര്യടനം നടന്നു. കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കോളേജ് കവാടത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

കഴിഞ്ഞ ദിവസം പ്രൊവിഡൻസ് കോളേജ് സന്ദർശിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരംകരീം ഇന്നലെ ഫറൂഖ് കോളേജിലെത്തി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി. കുണ്ടായിത്തോട്, അരീക്കാട്, ബേപ്പൂർ പോർട്ട്, അരക്കിണർ എന്നിവിടങ്ങളിൽ പ്രചരണം നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എം. ടി. രമേശ് കുന്ദമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി.
രാവിലെ ഒളവണ്ണയിൽ നിന്ന് ആരംഭിച്ച പര്യടനം പുത്തൂർമഠം ,പെരുമണ്ണ, കുറ്റിക്കാട്ടൂർ, പെരുവയൽ, പ്രദേശങ്ങളിൽ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. എൻ.ഡി. എ ഒളവണ്ണ ഏരിയാഓഫീസും, പന്നിയൂർകുളം ബൂത്ത് ഓഫീസും എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് മാവൂരിലെത്തിയ എംടി രമേശ് സഹപ്രവർത്തകർക്കൊപ്പം ഗ്വാളിയോർ റയോൺസിലെ മുൻകാല തൊഴിലാളികളുമായി സംവദിച്ചു. തുടർന്ന് ചൂലൂരിലെ ശ്രീ സദാശിവ മാതൃസദനവും, ബാലസദനവും സന്ദർശിച്ചു.

പേരാമ്പ്രയിൽ വൻ റോഡ് ഷോ നടത്തിയാണ് വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ പ്രചാരണം നടത്തിയത്. കല്ലിക്കണ്ടി എൻ.എ.എം കോളേജ് സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണ്ഡലത്തിനകത്തെയും പുറത്തെയും പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. അറയ്ക്കൽ പൂരത്തിനെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കണ്ണൂർ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്.

Advertisement
Advertisement