പക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർക്കുടം

Wednesday 20 March 2024 12:12 AM IST

കൊല്ലം: പക്ഷികൾക്ക് ദാഹജലം നൽകുന്ന തണ്ണീർക്കുടം പദ്ധതിക്ക് കേരള യൂത്ത് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് തുടക്കമാകും.

രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി ഇന്ന് ആരംഭിക്കുന്ന പദ്ധതി വനദിനമായ 22 ന് സമാപിക്കും. സംസ്ഥാനത്തുടനീളം 5000 മൺപാത്രങ്ങളാണ് പക്ഷികൾക്ക് വെള്ളം കുടിക്കാനായി സ്ഥാപിക്കുന്നത്. അനുദിനം ചൂട് കൂടി വരുന്നതിനാൽ പക്ഷികളും മറ്റും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ മരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു. ആലുവ സ്വദേശിയും എഴുത്തുകാരനുമായ ശ്രീമൻ നാരായണനാണ് പദ്ധതിയുടെ സ്പോൺസർ.

50 രൂപ വരുന്ന, പ്രത്യേക രീതിയിലുള്ള മൺപാത്രങ്ങളാണ് സ്ഥാപിക്കുന്നത്. കൊല്ലം ജില്ലയിലേക്ക് 1000 പാത്രങ്ങൾ എത്തിച്ചിട്ടുണ്ട്.

ആവശ്യക്കാർക്ക് കരുനാഗപ്പള്ളിയിലെ സബർമതി ഗ്രന്ഥശാലയിൽ നിന്ന് പാത്രങ്ങൾ കൈപ്പറ്റാം. സംസ്ഥാനതല ഉദ്‌ഘാടനം ഇന്നു രാവിലെ 8ന് കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ഫോൺ: 9847530274

Advertisement
Advertisement