പദ്ധതി ചെലവി​ൽ കൊല്ലവും പ്രതി​സന്ധി​യി​ൽ.. ഇനി​ ബാക്കി​യുള്ളത് 12 ദി​വസം, ചെലവഴി​ക്കേണ്ടത് 313.92 കോടി

Wednesday 20 March 2024 12:14 AM IST

കയ്യി​ൽ കാശി​ല്ലാതെ തദ്ദേശ സ്ഥാപനങ്ങൾ

കൊല്ലം: സാമ്പത്തിക വർഷം അവസാനിക്കാൻ 12 ദിവസം മാത്രം ബാക്കി നിൽക്കെ 45.61 ശതമാനത്തിലൊതുങ്ങി, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. കഴിഞ്ഞ വർഷം ഇതേസമയം 79. 88 ശതമാനം! കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. ജില്ലയിൽ 313.92 കോടിയാണ് കണക്കു പ്രകാരം ഇനി ചെലവഴിക്കേണ്ടത്. പക്ഷേ, പണമില്ല.

മാർച്ച് 31 ഞായർ ആയതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 30 വരെയേ ബില്ലുകൾ ട്രഷറികൾക്ക് കൈമാറാൻ കഴിയൂ. ഇതിനിടയിൽ മൂന്ന് അവധി ദിനങ്ങൾ കൂടി കടന്നുവരുന്നതിനാൽ ഇനി ആകെ എട്ട് ദിവസം മാത്രം പദ്ധതി നിർവഹണത്തിന് ലഭിക്കും. സംസ്ഥാന സർക്കാർ മൂന്നാം ഗഡു അനുവദിക്കുന്നത് കൂടുതൽ വൈകിയാൽ പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ പോലും സമർപ്പിക്കാൻ കഴിയാത്ത അവസ്ഥയാവും.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ മൂന്നാം ഗഡു അനുവദിക്കുന്നത് വൻ തോതിൽ ക്രമക്കേടുകൾക്ക് ഇടയാക്കും. തദ്ദേശസ്ഥാപന അധികൃതർ പദ്ധതി ചെലവ് ഉയർത്താൻ, പൂർത്തിയാകാത്ത നിർമ്മാണ പദ്ധതികളുടെയും ബില്ലുകൾ പാസാക്കും. ഇത്തരത്തിൽ മുൻവർഷങ്ങളിൽ ബില്ല് മാറി നൽകിയ പല പ്രവൃത്തികളും ഇപ്പോഴും പൂർത്തിയാകാത്ത സ്ഥിതിയുണ്ട്.

എങ്കി​ലും കൊല്ലം രണ്ടാമത്!

ജില്ലയുടെ ആകെ പദ്ധതി തുകയായ 609.9 കോടിയിൽ 295.98 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. 48.53 ശതമാനം മാത്രമേ ചെലവഴിച്ചുള്ളു എങ്കിലും സംസ്ഥാന തലത്തിൽ കൊല്ലം രണ്ടാം സ്ഥാനത്താണ്. 52.7 ശതമാനം ചെലവഴിച്ച് തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്.

ജില്ലയിലെ പദ്ധതി ചെലവിൽ മുന്നിൽ

ചവറ ബ്ലോക്ക് പഞ്ചായത്ത്- 65.66 %

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്- 59.61 %

പട്ടാഴി പഞ്ചായത്ത്- 59.17 %

Advertisement
Advertisement